ഗ്രാന്റ് പ്രറേറി(ഡാളസ്) : വ്യാജ നമ്പര്‍ പ്ലേറ്റുമായി പോയിരുന്ന വാഹനത്തെ പിന്തുടര്‍ന്ന് ഗ്രാന്റ് പ്രറേറി പോലീസ് ഓഫീസര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10,000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചു.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ബെല്‍റ്റ് ലൈന്‍, പയനീര്‍ പാര്‍ക്ക് വെ ഇന്റര്‍നാഷനില്‍ വ്യാജ നമ്പര്‍ പ്ലേറ്റുമായി പോയിരുന്ന ഷെവര്‍ലറ്റ്. മാലിമ്പ് വാഹനം പോലീസ് ഓഫീസര്‍ ബ്രന്റന്‍ സായിയുടെ ശ്രദ്ധയില്‍പ്പെട്ടത്. വാഹനം നിറുത്തുന്നതിന് ഓഫീസര്‍ ശ്രമിച്ചുവെങ്കിലും, വാഹനത്തിന്റെ ഡ്രൈവര്‍ അതിവേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു. സഹായത്തിനായി സായ് കൂടുതല്‍ ഓഫീസര്‍മാരുടെ സേവനം അഭ്യര്‍ത്ഥിച്ചു.
സായും മറ്റു പോലീസ് ഓഫീസര്‍മാരും മാലിമ്പുവിനെ പിന്തുടരുന്നതിനിടയില്‍ പെട്ടെന്ന് ഡ്രൈവര്‍ വാഹനം മറ്റൊരു വശത്തേക്ക് തിരിച്ചു. മാലിമ്പുവിനെ പിന്തുടര്‍ന്നിരുന്ന സായുടെ വാഹനം മാലിമ്പുവില്‍ ഇടിക്കുകയും തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ട്രാഫിക്ക് പോളില്‍ തട്ടി നില്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഓഫീസറെ മെത്തഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
32 വയസ്സുള്ള ഓഫീറുടെ അവയവദാനത്തിന് നേരത്തെ ഒപ്പുവെച്ചിരുന്നതിനാല്‍, മരണത്തിലും മറ്റു പലര്‍ക്കും ജീവിതം നല്‍കുവാന്‍ കഴിഞ്ഞുവെന്ന് ഗ്രാന്റ് പ്രേറേറി പോലീസ് ഓഫീസര്‍ അറിയിച്ചു.
കാലിഫോര്‍ണിയ ലോസ് ആഞ്ചലസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 5 വര്‍ഷം സേവനം അനുഷ്ഠിച്ച ബ്രന്റന്‍ 2022 ജനുവരിയിലാണ് ഡാളസ്സിലെ ഗ്രാന്റ് പ്രറേറിയില്‍ ചേര്‍ന്നത്.
യുവ പോലീസ് ഓഫീസറുടെ ആകസ്മിക വിയോഗത്തില്‍ പോലീസ് ചീഫ് അനുശോചനം അറിയിച്ചു.