പാണ്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ദേലംപാടി പഞ്ചായത്തിലെ പാണ്ടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ ധാരയെ ശക്തിപ്പെടുത്തുമ്പോള്‍ രണ്ട് തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകും. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകള്‍ മെച്ചപ്പെടുകയും അക്കാദമിക നിലവാരം ഉയരുകയും ചെയ്യും. ഒപ്പം സ്വകാര്യ മേഖലയിലെ സ്‌കൂളുകള്‍ക്ക്
സമാന്തരമായി നിലവാരം ഉയര്‍ത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പെര്‍ഫോര്‍മന്‍സ് ഗ്രേഡിങ് ഇന്‍ഡക്‌സില്‍ ഇത്തവണയും കേരളമാണ് ഒന്നാം സ്ഥാനത്ത്. കോവിഡ് കാലത്ത് കേരളം നടത്തിയ സമാനതകളില്ലാത്ത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണിത്.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും രണ്ടാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാകിരണം പദ്ധതിയും നമ്മുടെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിലും അക്കാദമിക നിലവാരത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കി. ആ മാറ്റങ്ങളുടെ ഉദാഹരണമാണ് പാണ്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളെന്നും മലയോര മേഖലയില്‍ വിദ്യാഭ്യാസ വിപ്ലവത്തിന്റെ നേര്‍സാക്ഷിയാണ് പാണ്ടിസ്‌കൂളെന്നും അദ്ദേഹം പറഞ്ഞു. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി.21500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ 21 ക്ലാസ് മുറികളാണുള്ളത്. റാംപ് ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് ക്ലാസ് മുറികള്‍ ഒരുക്കിയിരിക്കുന്നത്. 2.07 കോടി രൂപ ചെലവിലാണ് 3 നില കെട്ടിടത്തിന്റ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 3 കോടി രൂപയുടെ അടങ്കല്‍ തുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ് വകയിരുത്തിയത്.