ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധികള്‍ കേരളത്തെ പുറകോട്ടടിക്കും : അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ഉന്നതവിദ്യാഭ്യാസമേഖല ഇന്നു നേരിടുന്ന തകര്‍ച്ചയും തളര്‍ച്ചയും സൃഷ്ടിക്കുന്ന പ്രതിസന്ധി കേരളത്തിന്റെ ഭാവി അനിശ്ചിതമാക്കി പുറകോട്ടടിക്കുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

ഗവര്‍ണറും ഗവണ്‍മെന്റും തമ്മിലുള്ള നിയമ നിയമനയുദ്ധം തുടരുമ്പോഴും കണ്‍മുമ്പില്‍ കാണുന്ന ചില യാഥാര്‍ത്ഥ്യങ്ങളും രേഖകളും തള്ളിക്കളയരുത്. കേരളത്തിലെ വിവിധ കോളജുകളില്‍ കുട്ടികളെ ലഭിക്കാതെ ഡിഗ്രി പ്രവേശനത്തില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. അക്കാദമികതലം ചടങ്ങുകളായി അധഃപതിച്ചിരിക്കുന്നു. സ്ഥിര അധ്യാപകരോ, പ്രിന്‍സിപ്പല്‍മാരോ പ്രമുഖമായ പല കോളജുകളിലുമില്ല. വിവിധ യൂണിവേഴ്‌സിറ്റികളുടെ അഡിമിഷന്‍ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടും സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നത് ഭാവി തലമുറയോടുള്ള വഞ്ചനയാണ്.

ദേശീയ മത്സരപ്പരീക്ഷകളില്‍ നിന്ന് മലയാളികള്‍ നിരന്തരം പുറന്തള്ളപ്പെടുന്ന ദയനീയ സ്ഥിതി ചരിത്രത്തിലാദ്യമാണ്. ഇത് ചൂണ്ടിക്കാണിക്കുന്നത് നമ്മുടെ പാഠ്യപദ്ധതിയുടെ പരാജയമാണ്. ഇതിനോടകം വിവിധ കോളജുകളില്‍ അഡ്മിഷന്‍ എടുത്ത കുട്ടികള്‍പോലും രാജ്യംവിടുന്ന സാഹചര്യം നേരിടുന്നു. കേരളത്തിലെ മിടുക്കരായ ബുദ്ധിവൈഭവമുള്ളവര്‍ നാടുവിട്ട് പാലായനം ചെയ്യുമ്പോഴും കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കാണ്. ഉന്നതവിദ്യാഭ്യാസമേഖലയിലെ പുതിയ നിയമനിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍പോലും അടച്ചുപൂട്ടാനുള്ള സാഹചര്യം സൃഷ്ടിക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കേരളത്തിലേയ്ക്ക് കടന്നുവരാന്‍ തടസ്സമായി നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നിയമങ്ങളും നിയന്ത്രണങ്ങളുമാണ്. സംസ്ഥാനത്തെ മന്ത്രിമാരുള്‍പ്പെടെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും മക്കള്‍ ഇതരസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പഠനവും ജോലിയുമായി കുടിയേറുന്നതും പൊതുസമൂഹം കാണാതെ പോകരുത്. കലാലയങ്ങളിലേയ്ക്ക് നുഴഞ്ഞുകയറുന്ന തീവ്രവാദപ്രസ്ഥാനങ്ങളും രാഷ്ട്രീയ സംഘടനകളും സൃഷ്ടിക്കുന്ന അസ്വസ്തതകളും അരാജകത്വവും ഭാവിയില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ വലിയപ്രതിസന്ധി സൃഷ്ടിക്കുമെന്നും സമഗ്രമാറ്റങ്ങള്‍ക്ക് അടിയന്തരമായി സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.സി,സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

അഡ്വ. വി.സി. സെബാസ്റ്റ്യന്‍
സെക്രട്ടറി, സി.ബി.സി.ഐ. ലെയ്റ്റി കൗണ്‍സില്‍

Leave Comment