ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ചുള്ള ജലവിഭവ വകുപ്പിന്റെ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പമ്പയില്‍ ചേര്‍ന്ന ജലവിഭവ വകുപ്പിന്റെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമലയിലെത്തുന്ന ഭക്തന്മാര്‍ക്ക് ശുദ്ധജലമെത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വാട്ടര്‍ ടാങ്കുകളില്‍ വെള്ളം നിറയ്ക്കുന്നതിന് ഒന്‍പത് ടാങ്കറിനു പുറമേ അഞ്ചു ടാങ്കറുകള്‍ കൂടി എത്തിക്കും. നാല്‍പ്പതിനായിരം ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്കറുകളും എത്തിക്കും. ഏതു സമയവും ആവശ്യമായ വെള്ളമുണ്ടെന്ന് ഉറപ്പു വരുത്തണം. നിലയ്ക്കലെ ടാങ്കുകളിലേക്ക് പമ്പയില്‍ നിന്നും പ്ലാപ്പള്ളിയിലേക്ക് മഠത്തുംമൂട്ടില്‍ നിന്നും വെള്ളം എത്തിക്കും.വകുപ്പുകള്‍ എല്ലായ്‌പ്പോഴും ജാഗരൂകരായിരിക്കണം. 181 കിയോസ്‌കുകളും 122 പബ്ലിക് ടാപ്പുകളും സജ്ജമാണ്. നിലയ്ക്കലില്‍ അഞ്ച് ആര്‍ഒ പ്ലാന്റുകളും, പമ്പയില്‍ 11 ആര്‍ഒ പ്ലാന്റുകളും സജ്ജമാണ്. ജലസംഭരണികളില്‍ പരമാവധി വെള്ളം സംഭരിച്ചു വയ്ക്കണം. അപകടസാധ്യതയുള്ള കടവുകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ ചൂടുവെള്ളവും, പച്ച വെള്ളവും വിതരണം ചെയ്യും. സാധ്യമായ എല്ലാ പ്രവര്‍ത്തികളും വകുപ്പ് നടത്തും. ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാന്‍ പരിശോധന ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.