ശുദ്ധമായ തേന്‍ സംഭരിച്ച് വിതരണം ചെയ്യുന്നതിന് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തേന്‍ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയായി. നവംബര്‍ 29 ന് വൈകിട്ട് മൂന്നിന് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും.
ചടങ്ങില്‍ പി.എസ് സുപാല്‍ എം.എല്‍.എ അധ്യക്ഷനാകും. അഞ്ചല്‍ ബനാന ആന്‍ഡ് ബീ മൈത്രി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഓഹരികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ നിര്‍വഹിക്കും. അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബൈജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനീഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ. ഷാജി, വി. എഫ്. പി. സി. കെ സി. ഇ. ഒ വി. ശിവരാമകൃഷ്ണന്‍, ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ എസ്. വേണുഗോപാല്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, സ്വാശ്രയ കര്‍ഷക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ഏറം കാര്‍ഷിക വിപണിയോട് ചേര്‍ന്നാണ് പ്ലാന്റ് സജ്ജീകരിച്ചിട്ടുള്ളത്. വിപണിയില്‍ അംഗങ്ങളായ തേനീച്ച കര്‍ഷകരില്‍ നിന്നും കൂടുതല്‍ അളവില്‍ തേന്‍ സംഭരിച്ച് സംസ്‌കരണം നടത്തി പൊതുവിപണിയിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ശുദ്ധമായ തേന്‍ ലഭിക്കുന്നതിന് തേനിലെ ഈര്‍പ്പവും മെഴുകും നീക്കം ചെയ്തതിനുശേഷം 1000 ലിറ്റര്‍ വരെ സംഭരണ ശേഷിയുള്ള ടാങ്കുകളില്‍ സംഭരിക്കുന്നു. 16 ലക്ഷം രൂപ ബ്ലോക്ക് വിഹിതവും വിപണിയുടെ തനത് ഫണ്ടില്‍ നിന്നും 18 ലക്ഷം രൂപയുമുള്‍പ്പെടെ 34 ലക്ഷം രൂപ വിനിയോഗിച്ചാണ് യന്ത്രസാമഗ്രികള്‍ സ്ഥാപിച്ചതും ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയതും. തേന്‍ ഉല്‍പാദനവും സംഭരണവും വര്‍ധിപ്പിക്കുന്നതിനൊപ്പം പ്ലാന്റിന്റെ പ്രവര്‍ത്തനം തേന്‍ ഉല്‍പ്പാദക സംഘങ്ങള്‍ക്ക് ഏറെ സഹായകരവുമാകുമെന്ന് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍ പറഞ്ഞു.