മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരം ചെറുപുഴ പാലത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തിയുടെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത്-വിനോദസഞ്ചാര – യുവജന ക്ഷേമ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ ബീനാച്ചി – പനമരം റോഡിലുളള പാലത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപയാണ് ചെലവിടുന്നത്.
18 മാസത്തിനകം പണി പൂര്‍ത്തീകരിക്കും. 44 മീറ്റര്‍ നീളമുള്ള പാലത്തിന്റെ ഇരുവശവും 1.5 മീറ്റര്‍ വീതിയില്‍ നടപാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയിലാണ് നിര്‍മ്മാണം. പാലത്തിന്റെ അടിത്തറ ഓപ്പണ്‍ ഫൗണ്ടേഷനായാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പനമരം ഭാഗത്തേക്ക് 200 മീറ്ററും നടവയല്‍ ഭാഗത്തേക്ക് 120 മീറ്ററും നീളത്തില്‍ അപ്രോച്ച് റോഡും നിര്‍മ്മിക്കും.ഇരു ഭാഗത്തും ആർ.സി.സി ബെൽറ്റ് സഹിതമുള്ള കരിങ്കൽ സംരക്ഷണ ഭിത്തിയോട് കൂടി മണ്ണിട്ട് ഉയർത്തിയാണ് അപ്രോച്ച് റോഡിന്റെ നിർമ്മാണം. പാലത്തിനോട് ചേര്‍ന്ന് പുഴയുടെ സംരക്ഷണ ഭിത്തി നിര്‍മ്മാണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപരിതല പ്രവൃത്തിയിൽ ജി.എസ്.ബി, വെറ്റ്മിക്സ് മെക്കാഡം, ബി.എം ആന്റ് ബി.സി എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. 7 മീറ്റര്‍ വീതിയിലാണ് അപ്രോച്ച് റോഡ് ടാര്‍ ചെയ്യുന്നത്. റോഡ് സുരക്ഷാ മാര്‍ഗങ്ങളായ ക്രാഷ് ബാരിയര്‍, റോഡ് മാര്‍ക്കിംഗ്, സൈന്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കലും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം.എല്‍.എ. ഒ.ആര്‍. കേളു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം വായിച്ചു. പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. അജിത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.