വിലക്കയറ്റം തടയുന്നതിനായി ശക്തമായ ഇടപെടൽ തുടരും – മന്ത്രി ജി.ആർ അനിൽ

Spread the love

പൊതു വിപണിയിൽ ഭക്ഷ്യ വസ്തുക്കൾക്ക് വിലക്കയറ്റമുണ്ടാകുന്നത് തടയാനും സാധാരണക്കാർക്ക് ആശ്വാസമേകാനും സർക്കാരിന്‍റെ ശക്തമായ ഇടപെടൽ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ. മാവേലി സ്റ്റോറുകളിലൂടെയും സർക്കാർ സംവിധാനങ്ങളിലൂടെയും സൂപ്പർമാർക്കറ്റുകളിലൂടെയും 13 നിത്യോപയോഗ സാധനങ്ങൾ 2016ലെ വിലക്കാണ് വിതരണം ചെയ്യുന്നതെന്നും വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടന വേളയിൽ മന്ത്രി പറഞ്ഞു.

മാവേലി സ്റ്റോറുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ ഭക്ഷ്യധാന്യമെത്തിക്കുന്നതിനായി അരിവണ്ടി എന്ന സഞ്ചരിക്കുന്ന റേഷൻ കട സംവിധാനം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 119 ആദിവാസി ഊരുകളിൽ ഇതിനോടകം ഈ സേവനം ലഭ്യമാണ്. ഉത്പാദന വിതരണ ചിലവ് 53 രൂപയോളം വരുന്ന അരി റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത് സൗജന്യ നിരക്കിലാണ്. കൃഷിക്കാരനും ഉപഭോക്താവിനും ഒരു പോലെ ആശ്വാസം പകരുന്ന മാർക്കറ്റ് ഇടപെടൽ നടപടികളാണ് സർക്കാരിന്‍റേത്.
വിശപ്പ് രഹിത കേരളം എന്ന ആശയം യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമമാണ് കഴിഞ്ഞ ആറര വർഷമായി സംസ്ഥാന സർക്കാർ നടത്തുന്നത്. ഒരാൾ പോലും പട്ടിണി കിടക്കുന്ന സാഹചര്യം ഇല്ലാതിരിക്കാനാണ് സുഭിക്ഷ ഹോട്ടൽ പോലുള്ള പൊതുസംവിധാനങ്ങൾ ഭക്ഷ്യ വകുപ്പും സംസ്ഥാന സർക്കാരും ചേർന്ന് നടപ്പാക്കുന്നതെന്നും ഈ സർക്കാർ ചുമതലയേറ്റെടുത്ത് ഒന്നര വർഷത്തിനിടയിൽ 50ലധികം കേന്ദ്രങ്ങളിൽ സുഭിക്ഷ ഹോട്ടലുകൾ യാഥാർഥ്യമായെന്നും മന്ത്രി പറഞ്ഞു.

Author