യൂത്ത് പാർലമെന്റ് മികച്ച ജനാധിപത്യ മാതൃക

Spread the love

സാമൂഹിക നീതി ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന യൂത്ത്, മോഡൽ പാർലമെന്റുകൾ മികച്ച ജനാധിപത്യ മാതൃകയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു. യൂത്ത്-മോഡൽ പാർലമെന്റ് മൽസര വിധികർത്താക്കൾക്കുള്ള ഏകദിന പരിശീലന ഉദ്ഘാടനം തിരുവനന്തപുരത്തെ ഐ എം ജി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്ററി രംഗം മികച്ചതാക്കാൻ പരിശീലനമാവശ്യമാണ്. സ്‌കൂൾ, കോളേജ് വിദ്യാർഥി പ്രതിനിധികളുൾപ്പെടെയുള്ളവർക്ക് പരിശീലനം നൽകണം.ജനാധിപത്യപരമായി തീരുമാനമെടുക്കുന്നതോടൊപ്പം ആവശ്യമായ വിഷയങ്ങളിൽ വിദഗ്ദ്ധ ഉപദേശം നേടാൻ ജനപ്രതിനിധികൾ തയ്യാറാകണം. ക്രിയാത്മകമായ പ്രതിപക്ഷം ഭരണപക്ഷത്തിന്റെ പ്രവർത്തനങ്ങൾ മികച്ചതാക്കാൻ സഹായിക്കും. നിയമ നിർമാണ സഭകൾ നിർമിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുക എന്നതാണ് ഉദ്യോഗസ്ഥരുടെ ധർമം. അവയുടെ ശരിതെറ്റുകൾ ജുഡീഷ്യറിയും ജനങ്ങളെ ബാധിക്കുന്നതെങ്ങനെയെന്ന് മാധ്യമങ്ങളും വിലയിരുത്തുന്നു.ഈ സാഹചര്യത്തിൽ അടിസ്ഥാനതത്വങ്ങളിൽ ഉറച്ചു നിന്ന് ഭരണഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ കഴിയുക എന്ന ദൗത്യം നിയമ നിർമാണ സഭകൾക്കുണ്ട്. ഇതിന് സഹായകമാകുന്ന രീതിയിൽ യുവതലമുറയെ മാറ്റുക എന്ന ദൗത്യമാണ് യൂത്ത് പാർലമെന്റ് വിധികർത്താക്കൾക്കുള്ളതെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. സംസ്ഥാനത്ത് തെരഞ്ഞെടുത്ത 60 കോളേജ് അദ്ധ്യാപകരാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്.

Author