സഹകരണ വകുപ്പ് നടപ്പാക്കുന്നത് സാധാരണ ജനവിഭാഗങ്ങൾക്ക് കൈത്താങ്ങാകുന്ന പദ്ധതികൾ

Spread the love

സാധാരണ ജനവിഭാഗങ്ങൾക്ക് കൈത്താങ്ങാകുന്ന പദ്ധതികളാണ് സഹകരണ വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്നതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്. കേരള സർക്കാർ സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസ നിധി ധനസഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നളന്ദ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായാണ് കേരളത്തിൽ സഹകരണ പ്രസ്ഥാനങ്ങൾ പ്രവർത്തിച്ചു വരുന്നത്.സാമൂഹിക പ്രതിബദ്ധതയോടെ, ജനങ്ങളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്ന സുപ്രധാന ലക്ഷ്യത്തോടെയാണ് സഹകരണ മേഖല മുന്നോട്ട് വരുന്നതെന്നും മന്ത്രി പറഞ്ഞു.തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍ നല്‍കുന്ന സ്ഥാപനം എന്ന നിലയില്‍ നാടിന്റെ നട്ടെല്ലാണ് സഹകരണ പ്രസ്ഥാനമെന്ന് മന്ത്രി പറഞ്ഞു. ഓരോ അംഗത്തിന്റെയും ജീവിത രീതിയെ ഗുണപരമായി പരിവര്‍ത്തനം ചെയ്യുക എന്നതാണ് സഹകരണസംഘങ്ങളുടെ ലക്ഷ്യം. അത് കൊണ്ട് തന്നെയാണ് സമൂഹത്തിലെ അടിസ്ഥാന വർഗത്തിന്റെ അത്താണിയും ആശ്രയവുമായി വർത്തിക്കാൻ സഹകരണ സംഘങ്ങൾക്ക് സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് വിശിഷ്ടാതിഥിയായിരുന്നു.സഹകരണ അംഗസമാശ്വാസ നിധിയിൽ നിന്നും കേരളത്തിലെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ അർഹരായ അംഗങ്ങൾക്ക് രണ്ട് ഘട്ടങ്ങളിലായി 45.30 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ സഹകാരികൾക്കായി 2,26,05000 രൂപയുടെ ധനസഹായമാണ് രണ്ടാം ഘട്ടത്തിൽ അനുവദിച്ചത്.

Author