കൊച്ചി: തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ ഫെഡറല്‍ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഇ-ഹുണ്ടി സംവിധാനം സ്ഥാപിച്ചു. പുതിയ സംവിധാനം പ്രകാരം, ഭണ്ഡാരത്തില്‍ പതിച്ചിട്ടുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഭക്തര്‍ക്ക് ലളിതമായി കാണിക്ക സമര്‍പ്പിക്കാവുന്നതാണ്. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ കൊച്ചി ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ എം മനോജ് കുമാര്‍ ഇ-ഹുണ്ടി അനാച്ഛാദനം ചെയ്തു. ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും റീജനല്‍ മേധാവിയുമായ ജോയ് തോമസ്, ബാങ്കിന്റെ തൃപ്പൂണിത്തുറ ശാഖാ മാനേജർ വിനോദ് ബി, ദേവസ്വം മാനേജര്‍ സുധീര്‍ മേലെപ്പാട് തുടങ്ങിയവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഭക്തജനങ്ങളും പങ്കെടുത്തു. വൃശ്ചികോത്സവ സമാരംഭ ദിനം തന്നെ ഇ-ഹുണ്ടി സൗകര്യം ഭക്തര്‍ക്കായി ഒരുക്കാന്‍ കഴിഞ്ഞതിലും റെക്കോര്‍ഡ് വേഗത്തില്‍ ഫെഡറൽ ബാങ്ക് ഇതു സ്ഥാപിച്ചതിലും അതിയായ സന്തോഷമുണ്ടെന്ന് മനോജ് കുമാര്‍ പറഞ്ഞു.
എല്ലാ മേഖലകളിലും ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാവുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളിലും ഇത്തരം സൗകര്യങ്ങള്‍ വേണ്ടതുണ്ട്. കറന്‍സി കൈവശമില്ലെങ്കിൽ കൂടി സ്മാർട്ട്ഫോൺ മാത്രം ഉപയോഗിച്ച് കാണിക്ക സമർപ്പിക്കാൻ പുതിയ സംവിധാനം വഴിയൊരുക്കും. വരും ദിവസങ്ങളിൽ കൂടുതല്‍ ആരാധനാലയങ്ങളിൽ ക്യൂ ആർ കോഡ് ആധാരിത ഇ ഹുണ്ടി സൗകര്യമേര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായും ജോയ് തോമസ് പറഞ്ഞു.
Report : Ajith V Raveendran