തിരുവനന്തപുരം: ഗവര്‍ണര്‍ ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റി പോരിലൂടെ ഭരണാധികാര കേന്ദ്രങ്ങള്‍ കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ശോഭനമായ ഭാവി പന്താടി കളിക്കുന്ന ക്രൂരതയ്ക്ക് അടിയന്തര അവസാനമുണ്ടാകണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റ് കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ.വി.സി, സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
കഷ്ടപ്പെട്ട് പഠിച്ച് ജയിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പോലും ലഭ്യമാക്കാത്ത നീതിനിഷേധം അവസാനിപ്പിക്കണം. വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ എടുക്കാതെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതു കണ്ടിട്ടും മനസ്സുമാറാതെ വീറും വാശിയും കാട്ടി യുവതലമുറയെ നാട്ടില്‍ നിന്നും പാലായനം ചെയ്യിക്കുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ല.
കേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ കഴിഞ്ഞകാല കുതിപ്പിന് പിന്നില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ പങ്കാളിത്തം വളരെ വലുതാണ്. സ്വകാര്യ വിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍ വിദ്യാഭ്യാസമേഖലയില്‍ പുതിയ നിക്ഷേപങ്ങള്‍ വരുകയില്ല. സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ പ്രൊഫഷണല്‍ കോഴ്‌സുകളിലേയ്ക്കുള്ള എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. രണ്ടു പതിറ്റാണ്ടുമുമ്പ് സ്വാശ്രയ സ്ഥാപനങ്ങളിന്മേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച 50:50 അനുപാതവും പിന്നീട് വന്ന പ്രവേശന ഏകജാലകവും കാലഹരണപ്പെട്ടു. യൂണിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുമ്പോള്‍ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം അര്‍ത്ഥശൂന്യമാകും. ഗുരുതരമായ പ്രതിസന്ധിയില്‍ ഉന്നതവിദ്യാഭ്യാസമേഖല തകര്‍ച്ചനേരിടുമ്പോള്‍ ഇതിനെ അതിജീവിക്കാന്‍ അധികാരവടംവലി അവസാനിപ്പിച്ച് അടിയന്തര നടപടിയും രാജ്യാന്തര കാഴ്ചപ്പാടോടുകൂടിയ വിദ്യാഭ്യാസ പരിഷ്‌കരണവും സമഗ്രമാറ്റവുമാണുണ്ടാകേണ്ടതെന്നും വി.സി, സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
അഡ്വ. വി.സി. സെബാസ്റ്റ്യന്‍
സെക്രട്ടറി, സി.ബി.സി.ഐ. ലെയ്റ്റി കൗണ്‍സില്‍