മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ നടത്തിയത് 942 പരിശോധനകൾ
സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒക്ടോബർ, നവംബർ മാസങ്ങളിലായി 942 പരിശോധനകൾ നടത്തി. നിലവാരം ഉയർത്തുന്നതിനായി 284 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. സർക്കാർ നിർദ്ദേശം പാലിക്കാത്ത 168 സ്ഥാപനങ്ങൾക്ക് പിഴ അടക്കുന്നതിന് നോട്ടീസ് നൽകുകയും 3.43 ലക്ഷം രൂപ പിഴയായി ഈടാക്കുകയും ചെയ്തു. ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ സർക്കാർ നിർദേശം കർശനമായി പാലിക്കണം. അല്ലാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവർമ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ ഷവർമ പാകം ചെയ്യുവാനോ വിൽക്കാനോ പാടില്ല. ഷവർമ തയ്യാറാക്കുന്ന സ്ഥലം, ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം, ഷവർമ തയ്യാറാക്കൽ എന്നിവ സംബന്ധിച്ചുള്ള വിശദമായ മാർഗനിർദേശങ്ങളാണ് പുറത്തിറക്കിയത്. എഫ്.എസ്.എസ്. ആക്ട് പ്രകാരം ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ കൊണ്ടുപോകുകയോ ചെയ്യരുത്.