നേര്യമംഗലം ബോട്ട് ജെട്ടി നിർമ്മാണം അന്തിമ ഘട്ടത്തിൽ

Spread the love

കോതമംഗലത്തിൻ്റെ ടൂറിസം മേഖലയ്ക്ക് വൻ വികസന സാധ്യത തുറക്കുന്ന നേര്യമംഗലം ബോട്ട് ജെട്ടിയാഥാർഥ്യത്തിലേക്ക്. ജെട്ടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ആന്റണി ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചാണ് ജെട്ടിയുടെ നിർമ്മാണം.നേര്യമംഗലം പാലത്തിനു സമീപം പുഴയുടെ ഇടതു കരയിലാണ് പുതിയ ബോട്ട് ജെട്ടി ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് ലെവൽ ലാന്റിങ്ങ് ഫ്ലോറോട് കൂടിയുള്ള ബോട്ട് ജെട്ടിയാണിത്. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഇവിടെ ബോട്ട് അടുപ്പിച്ചിരുന്നു. പെരിയാർ വാലിയുടെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
മൂന്നാർ, തേക്കടി തുടങ്ങി ഇടുക്കിയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് പോകുന്നവർക്ക് കോതമംഗലത്ത് നിന്നും ഭൂതത്താൻകെട്ടിൽ എത്തി അവിടെ നിന്ന് ബോട്ട് മാർഗം കുട്ടമ്പുഴ, തട്ടേക്കാട്, ഇഞ്ചത്തൊട്ടി പ്രദേശങ്ങളെല്ലാം കണ്ട് നേര്യമംഗലത്ത് എത്തിച്ചേർന്ന് അവിടെ നിന്നും വീണ്ടും യാത്ര തുടരാം.

അതുപോലെ തന്നെ തിരിച്ച് ഇടുക്കി ഭാഗത്ത് നിന്നും വരുന്നവർക്ക് നേര്യമംഗലത്ത് ഇറങ്ങിയാൽ അവിടെ നിന്ന് ബോട്ട് വഴി ഭൂതത്താൻകെട്ടിൽ എത്താം. പെരിയാറിന്റെ വശ്യ ഭംഗി ആസ്വദിക്കുന്നതോടൊപ്പം വന്യ മൃഗങ്ങളെ അടുത്ത് കാണാനുള്ള അവസരവും യാത്ര സമ്മാനിക്കും. ടൂറിസം സർക്യൂട്ട് അടക്കം ലക്ഷ്യമിട്ടു കൊണ്ടാണ് നേര്യമംഗലത്ത് ഇത്തരത്തിലുളള പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.

Author