എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 9 മുതൽ, ഹയർസെക്കൻഡറി / വി.എച്ച്.എസ്.ഇ മാർച്ച് 10 ന് തുടങ്ങും

Spread the love

2022-23 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പൊതു പരീക്ഷ മാർച്ച് 9 മുതൽ 29 വരെ നടക്കും. ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മാർച്ച് 10 ന് തുടങ്ങി 30 ന് അവസാനിക്കും. ഹയർസെക്കൻഡറി രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ഒന്നിനും വി.എച്ച്.എസ്.ഇ രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 25 നും തുടങ്ങും.
പരീക്ഷകൾ രാവിലെ 9.30 ന് തുടങ്ങും. ഉച്ചയ്ക്ക്‌ശേഷം പരീക്ഷ ഉണ്ടായിരിക്കില്ല. രണ്ട് പരീക്ഷകൾക്കിടയിൽ ഒന്നര ദിവസത്തെ ഇടവേളയുണ്ടാകുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്.എസ്.എൽ.സി മാതൃകാ പരീക്ഷകൾ ഫെബ്രുവരി 27 ന് തുടങ്ങി മാർച്ച് 3 ന് അവസാനിക്കും. ആകെ 4.5 ലക്ഷത്തിൽ അധികം വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പൊതുപരീക്ഷ എഴുതുക. മൂല്യനിർണയം ഏപ്രിൽ മൂന്നിന് തുടങ്ങി മെയ് 10 നുള്ളിൽ ഫലപ്രഖ്യാപനമുണ്ടാകും. സംസ്ഥാനത്തൊട്ടാകെ 70 ക്യാമ്പുകളിലായി 9,762 അധ്യാപകർ മൂല്യനിർണയം നടത്തും.
ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ മാതൃകാ പരീക്ഷകൾ ഫെബ്രുവരി 27 ന് തുടങ്ങി മാർച്ച് 3 ന് അവസാനിക്കും. ആകെ ഒൻപത് ലക്ഷത്തിൽ അധികം വിദ്യാർഥികളാണ് ഇത്തവണ ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷ എഴുതുക. 60,000 വി.എച്ച്.എസ്.ഇ വിദ്യാർഥികളും പരീക്ഷയെഴുതും. രണ്ടാം വർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷാ മൂല്യനിർണയം ഏപ്രിൽ മൂന്നിന് തുടങ്ങി മെയ് 25 നുള്ളിൽ ഫലം പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിൽ 82 ക്യാമ്പുകളിലായി 24,000 അധ്യാപകരും വി.എച്ച്.എസ്.ഇയിൽ എട്ട് ക്യാമ്പുകളിലായി 3,500 അധ്യാപകരും മൂല്യനിർണയം നടത്തും.

Author