ബ്രോണ്‍സ് (ന്യൂയോര്‍ക്ക്): താങ്ക്സ് ഗിവിംഗ് ഡേയില്‍ വീടിനു തീപിടിച്ചു പിതാവിനും, ബുദ്ധിമാന്ദ്യമുള്ള മകള്‍ക്കും ദാരുണാന്ത്യം.
ഹാരിസണ്‍ അപ്പാര്‍ട്ട്മെന്റിലെ രണ്ടാം നിലയിലുള്ള വീട്ടിനകത്തെ അടുക്കളിയില്‍ നിന്നാണ് തീ ആളി പടര്‍ന്നത്. അടച്ചു പൂട്ടിയ മുറിയില്‍നിന്നും രണ്ടുപേരേയും രക്ഷിക്കുന്നതിന് സഹോദരിമാര്‍ നടത്തിയ ശ്രമം വിഫലമാകുകയായിരുന്നു. കനത്ത പുകപടലത്തില്‍ ശ്വാസം മുട്ടിയാണ് പെര്‍ഫെക്ടൊ ആംബോള്‍സ് (60) ഒഡലിസ് ആംബോള്‍സ് (20) എന്നിവരാണ് മരിച്ചത്.
പെര്‍ഫെക്ടോയുടെ സ്റ്റെപ് ഡോട്ടര്‍ റോസനാ സുവാരസ് (42) രണ്ടുപേരേയും രക്ഷപ്പെടുത്തുവാന്‍ നടത്തിയ ശ്രമത്തിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. ആംബോള്‍സിന്റെ ഭാര്യ ലൊറെന്‍സാ സുവാരസിനും (63) പൊള്ളലേറ്റിട്ടുണ്ട്. ഇവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ചുനില അപ്പോര്‍ട്ട്മെന്റായിരുന്നിട്ടും അപകടത്തില്‍പ്പെട്ടവരുടെ നിലവിളി അപ്പാര്‍ട്ട്മെന്റ് മുഴുവനും കേള്‍ക്കാമായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.
താങ്ക്സ് ഗിവിംഗ് ഡേയോടനുബന്ധിച്ചുള്ള പാചകം രാവിലെ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അടുക്കളയില്‍ നിന്നും ആളിപടര്‍ന്ന തീയുടെ പുക അപ്പാര്‍ട്ട്മെന്റ് മുഴുവന്‍ വ്യാപിച്ചിരുന്നു. അഗനിക്കിരയായ ഭാഗത്ത് സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും ഇതൊരു അപകടമായിരിക്കാമെന്നും അഗ്‌നിശമന സേനാംഗങ്ങള്‍ അറിയിച്ചു.