ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ മികവുറ്റതാക്കും
2022ന്റെ ആദ്യ മൂന്ന് പാദങ്ങളിൽ സംസ്ഥാനത്ത് ഒരു കോടിയിലധികം ആഭ്യന്തര ടൂറിസ്റ്റുകൾ എത്തി
കോവിഡിന് പിന്നാലെ ടൂറിസം മേഖലയിൽ ഉണ്ടായ വളർച്ച അഭിമാനകരമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദത്തിൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 600 ശതമാനം വർധനവ് ഉണ്ടായി. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 196 ശതമാനത്തിന്റെ വർധനവും രേഖപ്പെടുത്തി.
2022ന്റെ ആദ്യ മൂന്ന് പാദങ്ങളിലെ കണക്കനുസരിച്ച് 1,33,80,000 ആഭ്യന്തര വിനോദ സഞ്ചാരികൾ എത്തി. ഇത് സർവ്വകാല റെക്കോർഡാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം ടൂറിസ്റ്റുകളെത്തിയിട്ടുള്ളത്. 28,93,631 സഞ്ചാരികൾ ഇവിടെയെത്തി. തിരുവനന്തപുരം, ഇടുക്കി, തൃശൂർ, വയനാട് ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
ടൈം മാഗസിൻ ലോകം കണ്ടിരിക്കേണ്ട 50 ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി കേരളത്തെ തെരഞ്ഞെടുത്തു, കാരവൻ പോളിസിയെ ടൈം മാഗസിൻ അഭിനന്ദിച്ചു. വേൾഡ് ട്രാവൽ മാർക്കറ്റിൽ കേരളം ജനപ്രിയ പവലിയനായി മാറി, സംസ്ഥാനത്തിന്റെ വാട്ടർ സ്ട്രീറ്റ് പദ്ധതിയടക്കമുള്ള ടൂറിസം പദ്ധതികൾക്ക് പുരസ്‌കാരങ്ങൾ ലഭിച്ചു. ട്രാവൽ പ്ലസ് ലിഷർ മാഗസൻ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ ആയി കേരളത്തെ തെരഞ്ഞെടുത്തതും ലോക ടൂറിസം മാപ്പിൽ സംസ്ഥാനത്തിനുണ്ടായ ഉയർച്ച സൂചിപ്പിക്കുന്നതായി മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ടൂറിസത്തിന്റെ ഭാഗമായി ബേപ്പൂരിലേതിന് സമാനമായ കടൽപ്പാലങ്ങൾ നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കാനും മലയോര ടൂറിസമേഖലയ്ക്ക് പ്രാധാന്യം നൽകാനും വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഹൈക്കിഗ്, ട്രെക്കിഗ് സാധ്യതകൾ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കാനും പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.