റബര്‍ വിലയിടിവിനെതിരെ പ്രതിഷേധമിരമ്പി റബര്‍ ബോര്‍ഡിലേയ്ക്ക് കര്‍ഷക മാര്‍ച്ച് : അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Spread the love

അടിമകളാകാതെ സംഘടിച്ചുണര്‍ന്നില്ലെങ്കില്‍
കര്‍ഷകന് നിലനില്‍പ്പില്ല: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: വഞ്ചിക്കപ്പെടുന്ന രാഷ്ട്രീയ അടിമത്വത്തില്‍ നിന്ന് മോചിതരായി സംഘടിച്ചുണര്‍ന്നില്ലെങ്കില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് നിലനില്‍പ്പില്ലെന്നും അനിയന്ത്രിത റബര്‍ ഇറക്കുമതിയില്‍ റബര്‍വിപണി തകര്‍ന്നിരിക്കുമ്പോള്‍ കര്‍ഷകര്‍ തെരുവിലിറങ്ങേണ്ട സാഹചര്യമാണുള്ളതെന്നും റബര്‍ ബോര്‍ഡിനു മുമ്പില്‍ നടന്ന കര്‍ഷക പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

റബര്‍ വിലയിടിവിനെതിരെ കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെയും നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെയും (എന്‍എഫ്ആര്‍പിഎസ്) സംയുക്ത നേതൃത്വത്തില്‍ കോട്ടയം റബര്‍ ബോര്‍ഡ് ആസ്ഥാനത്തേയ്ക്ക് നടന്ന കര്‍ഷക പ്രതിഷേധമാര്‍ച്ചില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കുചേര്‍ന്നു.

തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നവര്‍ മാത്രമായി കര്‍ഷകര്‍ അധഃപതിക്കരുത്. നിലനില്‍പിനായി അസംഘടിത കര്‍ഷകര്‍ സംഘടിച്ച് ശക്തരാകണം. ഭരണ രാഷ്ട്രീയ നേതൃത്വങ്ങളുടെ വഞ്ചനയുടെ ഇരകളായി അന്തസ്സും അഭിമാനവും കര്‍ഷകര്‍ പണയം വെയ്ക്കരുത്. ഒറ്റക്കെട്ടായി അണിനിരന്ന് രാഷ്ട്രീയ നിലപാടുകളെടുത്താല്‍ മാത്രമേ കര്‍ഷകനും കാര്‍ഷികമേഖലയ്ക്കും ഇനി ഭാവിയുള്ളൂ. റബറിന്റെ വിലയിടിവില്‍ നടപടികളൊന്നുമില്ലാതെ സര്‍ക്കാരുകള്‍

മുഖംതിരിഞ്ഞു നില്‍ക്കുന്നത് കര്‍ഷകദ്രോഹമാണ്. ചതിക്കുഴിയിലേയ്ക്ക് തള്ളിയിട്ടവര്‍ രാഷ്ട്രീയ നേട്ടത്തിനായി സംരക്ഷക മുഖംമൂടിയണിഞ്ഞെത്തുന്നത് കര്‍ഷകര്‍ തിരിച്ചറിയണം. കര്‍ഷകനെ മറന്ന് വ്യവസായികളുടെ റബര്‍ സ്റ്റാമ്പായി റബര്‍ബോര്‍ഡ് അധഃപതിച്ചു. അനിയന്ത്രിത റബര്‍ ഇറക്കുമതിക്ക് റബര്‍ ബോര്‍ഡ് കുടപിടിക്കുന്നു. ലാറ്റക്‌സിന്റെ ഇറക്കുമതി നികുതി എടുത്തുകളയാന്‍ നീക്കം നടത്തുന്നത് റബര്‍ ബോര്‍ഡിലെ ഉന്നതരാണ്. റബര്‍ മീറ്റുകള്‍ നടത്തി കര്‍ഷകന് എന്തു നേട്ടമുണ്ടായി? വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യവസായികള്‍ റബര്‍ കൃഷി നടത്തുന്നത് വീണ്ടും വിലയിടിക്കും. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ചണ്ടിപ്പാല്‍ ഇറക്കുമതിയുണ്ടാകും. വിളമാറ്റകൃഷിയിലേയ്ക്ക് കര്‍ഷകര്‍ മാറാമെന്നുവെച്ചാല്‍ കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ തടസ്സംനില്ക്കുന്നു. വിവിധ സ്വതന്ത്ര വ്യാപാരക്കരാറിലൂടെ നികുതിരഹിത റബര്‍ ഇറക്കുമതി ശക്തിപ്പെട്ടിരിക്കുന്നു. രാജ്യാന്തരതലത്തില്‍ റബറിന്റെ ഒറ്റക്കമ്പോളം നിലവില്‍ വരുമ്പോള്‍ കേരളത്തില്‍ കര്‍ഷകന്റെ മരണമണി മുഴങ്ങും. ആഭ്യന്തരവിപണിയില്‍ വിറ്റഴിക്കുന്ന റബറുല്പന്നങ്ങള്‍ക്കായി ഉപയോഗിക്കുന്ന അസംസ്‌കൃത റബര്‍ രാജ്യത്തെ കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ന്യായവില പ്രഖ്യാപിച്ച് സംഭരിക്കാന്‍ തയ്യാറാകണമെന്നും പരിസ്ഥിതി സംരക്ഷിക്കുന്നതിനായി രാജ്യാന്തര ഏജന്‍സികളില്‍ നിന്ന് സര്‍ക്കാര്‍ സ്വീകരിക്കുന്ന കാര്‍ബണ്‍ ഫണ്ടും, റബര്‍ ഇറക്കുമതി ചുങ്കമായി കേന്ദ്ര ഖജനാവില്‍ എത്തിയിരിക്കുന്ന നികുതിപ്പണവും റബര്‍ കര്‍ഷകന് അവകാശപ്പെട്ടതാണന്നും വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.

രാവിലെ 10.30ന് കോട്ടയം കളക്ട്രേറ്റിന് എതിര്‍വശം ലൂര്‍ദ് പള്ളിക്ക് സമീപത്തു നിന്നാരംഭിച്ച കര്‍ഷകമാര്‍ച്ച് കളക്ട്രേറ്റ്, പോലീസ് ഗ്രൗണ്ട് ചുറ്റി റബര്‍ബോര്‍ഡ് കേന്ദ്ര ഓഫീസിനുമുമ്പില്‍ എത്തിച്ചേര്‍ന്നു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളില്‍ മുഖ്യാതിഥിയായിരുന്നു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ജോസുകുട്ടി ഒഴുകയില്‍, താഷ്‌കന്റ് പൈകട, വിവിധ കര്‍ഷക സംഘടനാ നേതാക്കളായ കുര്യാക്കോസ് പുതിയേടത്തുപറമ്പില്‍, ഡിജോ കാപ്പന്‍, മനു ജോസഫ്, ജോസഫ് തെള്ളിയില്‍, സദാനന്ദന്‍ കൊട്ടാരക്കര, അഡ്വ.ജോണ്‍ ജോസഫ്, മാത്യു വി.കെ., പ്രദീപ്കുമാര്‍ മാര്‍ത്താണ്ഡം, സി.എം.സെബാസ്റ്റ്യന്‍, വര്‍ഗീസ് കൊച്ചുകുന്നേല്‍, സിറാജ് കൊടുവായൂര്‍, സുരേഷ്‌കുമാര്‍ ഓടാപന്തിയില്‍, ആയാംപറമ്പ് രാമചന്ദ്രന്‍, ടി.എം.വര്‍ഗീസ്, കെ.പി. നമ്പ്യാര്‍, റോജന്‍ സെബാസ്റ്റ്യന്‍, വി.ജെ.ലാലി, ജോജി വാളിപ്ലാക്കല്‍, സിബി നമ്പുടാകം, ജനറ്റ് മാത്യു, നൈനാന്‍ കുര്യന്‍, ഔസേപ്പച്ചന്‍ ചെറുകാട്, ലാന്‍സി ജോസഫ് പെരുന്തോട്ടം, ലാലി ഇളപ്പുങ്കല്‍, എം.എം. ഉമ്മന്‍, ഹരിദാസ് കല്ലടിക്കോട്, അപ്പച്ചന്‍ ഇരുവേലില്‍, ഷാജി തുണ്ടത്തില്‍, കെ.പി.ഏലിയാസ്, മാത്യു പി.റ്റി. എന്നിവര്‍ പ്രസംഗിച്ചു.

റബര്‍ ഇറക്കുമതി നിരോധിക്കുക, റബറിന് 300 രൂപ തറവില നിശ്ചയിച്ച് സബ്‌സിഡി നല്‍കുക, റബര്‍ വിലയിടിവിന് പ്രധാന കാരണമായ സ്വതന്ത്രവ്യാപാരക്കരാറുകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുക, റബര്‍ബോര്‍ഡിന്റെ അധികാരങ്ങള്‍ പുനഃസ്ഥാപിക്കുക, കര്‍ഷകപെന്‍ഷന്‍ 10,000 രൂപയാക്കുക, വിലസ്ഥിരതാപദ്ധതിയിലെ ന്യൂനതകള്‍ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്നത്.

ഫോട്ടോ അടിക്കുറിപ്പ്

രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെയും നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടയം റബര്‍ ബോര്‍ഡ് ആസ്ഥാനത്തേയ്ക്ക് നടന്ന കര്‍ഷക മാര്‍ച്ചിനെ തുടര്‍ന്ന് റബര്‍ ബോര്‍ഡിനു മുമ്പില്‍ നടന്ന കര്‍ഷക സമ്മേളനം രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ.ബിനോയ് തോമസ്, ജോസുകുട്ടി ഒഴുകയില്‍, റോജന്‍ ജോസഫ്, ജോര്‍ജ് ജോസഫ് വാതപ്പള്ളി, മനു ജോസഫ്, താഷ്‌കന്റ് പൈകട, കെ.പി.ഏലിയാസ്, ഡിജോ കാപ്പന്‍, വി.ജെ.ലാലി തുടങ്ങിയവര്‍ സമീപം.

പ്രകടനം ഫോട്ടോ അടിക്കുറിപ്പ്

രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെയും നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെയും സംയുക്ത നേതൃത്വത്തില്‍ കോട്ടയം റബര്‍ ബോര്‍ഡ് ആസ്ഥാനത്തേയ്ക്ക് നടന്ന കര്‍ഷക പ്രതിഷേധ മാര്‍ച്ചിന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ്, എന്‍എഫ്ആര്‍പിഎസ് ദേശീയ ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളി, മനു ജോസഫ്, താഷ്‌കന്റ് പൈകട എന്നിവര്‍ നേതൃത്വം നല്‍കുന്നു.

അഡ്വ.ബിനോയ് തോമസ്
സംസ്ഥാന ചെയര്‍മാന്‍
മൊബൈല്‍: 94476 91117

Author