ലക്ഷണക്കണക്കിന് അയ്യപ്പഭക്തരെത്തുന്ന പ്രദേശമെന്ന നിലയിൽ എരുമേലിയിൽ ഭക്തരുടേയും തദ്ദേശവാസികളുടേയും ആരോഗ്യസംരക്ഷണത്തിന് എല്ലാവിധ നടപടികളും സംസ്ഥാനസർക്കാരും തദ്ദേശസ്ഥാപനങ്ങളും ഉറപ്പാക്കുമെന്ന് നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതിയുടെ അധ്യക്ഷൻ ഇ.കെ. വിജയൻ എം.എൽ.എ. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച പ്രത്യേക സമിതിയുടെ(2016-2019) റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുന്നതിൽ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ വിലയിരുത്താനും പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കാനുമായി എരുമേലി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ പരിസ്ഥിതി റിപ്പോർട്ടുകൾ സംബന്ധിച്ച 37 ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും ചില വകുപ്പുകൾ ഇനിയും ഇതു സംബന്ധിച്ച രേഖാമൂലം മറുപടി നൽകാനുണ്ടെന്നും എം.എൽ.എ. പറഞ്ഞു. നിയമസഭാ സമിതി യോഗം ചേർന്നു വിശദമായ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും. എല്ലാവരും ഒത്തുചേർന്നു പ്രവർത്തിച്ചാലേ ശബരിമലയുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്‌നം കൈകാര്യം ചെയ്യാനാവൂ എന്നു സമിതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സമിതി അധ്യക്ഷൻ പറഞ്ഞു. എരുമേലി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെ ജലദൗർലഭ്യം പരിഹരിക്കാൻ വാട്ടർ അതോറിട്ടിയും ഗ്രാമപഞ്ചായത്തും ചേർന്നു നടപടിയെടുക്കുമെന്നും സമിതി വ്യക്തമാക്കി.
തീർഥാടനവുമായി ബന്ധപ്പെട്ടു ഹരിതചട്ടം കർശനമായി പാലിക്കുമെന്നും ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്നും സ്ഥലം എം.എൽ.എ. കൂടിയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. യോഗശേഷം സമിതി എരുമേലി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ തീർഥാടകർക്കുള്ള സൗകര്യങ്ങൾ വലയിരുത്തി.
നിയമസഭാ പരിസ്ഥിതി സമിതി അംഗങ്ങളായ സാമാജികർ അഡ്വ. ജോബ് മൈക്കിൾ, ടി.ഐ. മധുസൂദനൻ, ലിന്റോ ജോസഫ് എന്നിവർ യോഗത്തിൽ സംസാരിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി: ആർ. നിശാന്തിനി, കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മഹാജൻ, എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ സാബു, നിയമസഭാ സെക്രട്ടേറിയറ്റ് സെക്ഷൻ ഓഫീസർ ബി. ശ്രീകുമാർ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.
എരുമേലി, ശബരിമല എന്നിവിടങ്ങളിലെ പരിസ്ഥിതി പ്രശ്‌നങ്ങൾ സംബന്ധിച്ചു ലഭിച്ച നിവേദനങ്ങൾ പരിശോധിച്ച സമിതി 2018 എപ്രിലിൽ സ്ഥലം സന്ദർശിച്ചു തെളിവെടുപ്പു നടത്തിയിരുന്നു. തുടർന്ന് 2018 ഡിസംബറിലാണ് സമിതിയുടെ നിഗമനങ്ങളും ശിപാർശകളും അടങ്ങയ റിപ്പോർട്ട് സമർപ്പിച്ചത്.