72-ാം ഭരണഘടനാദിനാഘോഷങ്ങളുടെ ഭാഗമായി കേരള മീഡിയ അക്കാദമി പത്രപ്രവർത്തക യൂണിയനുമായി ചേർന്ന് ഭരണഘടനയും മാധ്യമങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണവും കാർട്ടൂൺ പ്രദർശനവും സംഘടിപ്പിച്ചു. തിരുവനന്തപുരം കേസരി ഹാളിൽ നടന്ന ചടങ്ങ് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ ഭരണഘടനയിൽ ഒരിടത്തും പത്രസ്വാതന്ത്ര്യത്തെ കുറിച്ചു പ്രതിപാദിച്ചിട്ടില്ലെങ്കിലും ആർട്ടിക്കിൾ 19 (1)എ യിലുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് പത്രസ്വാതന്ത്ര്യം എന്ന് സുപ്രീംകോടതി വിവിധ വിധിന്യായങ്ങളുടെ ഭാഗമായി പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്.ഇത് ഭരണഘടനയിൽ മാധ്യമങ്ങളുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. ഭരണഘടനയുടെ കാവൽഭടന്മാരാണ് മാധ്യമപ്രവർത്തകരെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.പി ആചാരി ഭരണഘടനയുടെ ആമുഖം വായിച്ച് മുഖ്യപ്രഭാഷണം നടത്തി.കാർട്ടൂൺ രംഗത്ത് ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്ന പ്രശസ്ത കാർട്ടൂണിസ്റ്റ് സുധീർനാഥ് രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച മലയാള മാധ്യമങ്ങളും കാർട്ടൂണുകളും എന്ന പുസ്തകം ചീഫ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു.