അധ്യാപക പരിശീലനം കാര്യക്ഷമമാക്കാൻ പുതിയ കർമ്മ പദ്ധതി ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കോക്കല്ലൂർ ഗവ. ഹയർസെക്കന്ററി സ്കൂളിൽ നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പുതിയ രീതിയിലുള്ള ഹയർ സെക്കന്ററി അധ്യാപക പരിശീലനം 2017-18 അധ്യയന വർഷത്തിൽ ആരംഭിച്ചിരുന്നു. 2019 വരെയുള്ള കാലയളവിൽ മൂവായിരത്തോളം അധ്യാപകർക്ക് പരിശീലനം നൽകാൻ സാധിച്ചു.
അധ്യാപക പരിശീലന പദ്ധതികളെ കോവിഡ് കാലം സ്തംഭനാവസ്ഥയിലേക്ക് നീക്കിയെങ്കിലും 2022 ഡിസംബറിൽ പരിശീലനം പുനരാരംഭിക്കും. ഹയർ സെക്കന്ററി അധ്യാപകർക്കുള്ള പരിശീലനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ നൽകും. ഓരോ വിഷയത്തിലും ഗവേഷണ സൗകര്യമുള്ള കോളേജുകളിലും സർവ്വകലാശാല ഡിപ്പാർട്ട്‌മെന്റുകളിലും ഈ പരിശീലന പരിപാടികൾ നടക്കും.
സംസ്ഥാന സർക്കാർ അനുവദിച്ച 65 ലക്ഷം രൂപയും കോഴിക്കോട് ജില്ലാപഞ്ചായത്ത് അനുവദിച്ച 60 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് വിദ്യാലയത്തിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആവിഷ്കരിച്ച വിവിധ പദ്ധതികളുടെ ഭാഗമായാണ് വിദ്യാലയത്തിൽ കെട്ടിടങ്ങൾ ഉയരുക.
അഡ്വ. കെ. എം സച്ചിൻ ദേവ് എം. എൽ. എ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് വി. കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ഉമ മഠത്തിൽ, കെ ശ്രീജ, പി. എൻ അശോകൻ, പ്രധാനാധ്യാപിക മോളി നാഗത്ത്, ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് അംഗം പി. പി പ്രേമ സ്വാഗതവും പ്രിൻസിപ്പൽ നിഷ എം. എം നന്ദിയും പറഞ്ഞു.