ഓരോ പൗരനും ഭരണഘടന നിർബന്ധമായും അറിഞ്ഞിരിക്കണം : സ്പീക്കർ

Spread the love

ഓരോ പൗരനും ഭരണഘടനയെക്കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കണം എന്ന ലക്ഷ്യം മുൻനിർത്തിയാണ് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാമ്പ്സ്) ഭരണഘടനാ സാക്ഷരത എന്ന പ്രവർത്തനം സജീവമായി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞു.’ജനങ്ങൾക്ക് വിവിധ തലങ്ങളിൽ ഭരണഘടനാ സാക്ഷരത നൽകുവാൻ കെ-ലാമ്പ്സും കുടുംബശ്രീയും തീരുമാനിച്ചിട്ടുണ്ട്. ഭരണഘടന തകർക്കാനും അതിന്റെ അന്തസത്ത ഇല്ലാതാക്കാനും വളരെയധികം ശ്രമങ്ങൾ ഇന്ത്യയിൽ നടന്നുവരുന്ന സാഹചര്യത്തിലാണിത്, ‘ ഭരണഘടനാ ദിനത്തിൽ കേരള നിയമസഭാ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച ‘ഭരണഘടനാ മൂല്യങ്ങളുടെ പ്രാധാന്യവും പ്രസക്തിയും’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പ്രയാസങ്ങളിലും രാഷ്ട്രത്തെ മുന്നോട്ടു നയിക്കാൻ ശക്തിയുള്ളതാണ് നമ്മുടെ ഭരണഘടന. എന്നാൽ ജനാധിപത്യ പ്രക്രിയയിലൂടെ തന്നെ അധികാരത്തിൽ വന്ന ഭരണകൂടങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്. ഭരണഘടനയിൽ പറഞ്ഞ കാര്യങ്ങളെ മുറുകെപ്പിടിക്കൽ ആണ് നമ്മുടെ ലക്ഷ്യമെന്ന് ചിറ്റയം ഗോപകുമാർ ഓർമിപ്പിച്ചു. ചടങ്ങിൽ അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് മുഖ്യാതിഥിയായി.ഇന്ത്യൻ ഭരണഘടന ഒരു ദിനം കൊണ്ട് തീരുമാനിച്ച് ഉണ്ടാക്കിയതല്ലെന്നും ഒരു രാജ്യത്തെ ജനതയുടെ അനുഭവങ്ങളുടെ ആകെത്തുകയാണ് അതെന്നും അദ്ദേഹം പറഞ്ഞു.

Author