തൊഴില്‍രഹിതരുടെ ഒന്നാം നമ്പര്‍ ശത്രു പിണറായി വിജയനെന്ന് എം.എം.ഹസന്‍

Spread the love

പിന്‍വാതില്‍ നിയമനങ്ങള്‍ക്കും വിലക്കയറ്റത്തിനും അഴിമതിക്കും
എതിരെ ഡിസംബര്‍ എട്ടിന് യുഡിഎഫ് ധര്‍ണ.

തിരുവനന്തപുരം: തൊഴില്‍രഹിതരായ ചെറുപ്പക്കാരുടെ ഒന്നാം നമ്പര്‍ ശത്രുവാണ് പിണറായി വിജയനെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. സംസ്ഥാനത്ത് തൊഴിലിന് നേടാന്‍ വേണ്ട യോഗ്യത പാര്‍ട്ടി അംഗത്വമാണ്. കേരളത്തില്‍ നടക്കുന്നത് ജനക്ഷേമ ഭരണമല്ല സിപിഎമ്മിന്റെ പാര്‍ട്ടി ക്ഷേമ ഭരണമാണ് നടക്കുന്നതെന്നും ഹസന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ടുവര്‍ഷ കാലത്തിനിടയ്ക്ക് രണ്ടുലക്ഷം പാര്‍ട്ടി സഖാക്കളെ പിന്‍വാതില്‍ നിയമനത്തിലൂടെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തിരുക്കി കയറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളിലെയും പൊതുമേഖല

സ്ഥാപനങ്ങളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും പിന്‍വാതില്‍ നിയമനങ്ങളുടെ പട്ടിക പുറത്ത് വരുമ്പോള്‍ ഈ കണക്ക് പതിന്‍മടങ്ങായി വര്‍ധിക്കും. പിഎസ്സിയേയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെയും നോക്കുകുത്തിയാക്കി. സിപിഎം ജില്ലാകമ്മിറ്റി ഓഫീസുകളില്‍ പാര്‍ട്ടി എംപ്ലോയ്‌മെന്റ് ഓഫീസെന്ന ചുവന്ന ബോര്‍ഡ് തൂക്കുന്നതാണ് കൂടുതല്‍ അഭികാമ്യം. പിഎസ് സിയെ പൂര്‍ണ്ണമായി രാഷ്ട്രീയ വത്കരിച്ചതിനാല്‍ അവിടെ പബ്ലിക് സര്‍വീസ് കമ്യൂണിസ്റ്റ് കമ്മീഷനെന്ന് പേരുമാറ്റുന്നതാകും ഉചിതം.കേരളത്തിലെ മുഴുവന്‍ അനധികൃത നിയമനങ്ങളും പുനപരിശോധിക്കണം. സഹകരണ, തദ്ദേശ സ്ഥാപനങ്ങളില്‍ പാര്‍ട്ടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ബോര്‍ഡ് തൂക്കണം. പിഎസ്സിയുടെ പേര് മാറ്റി പബ്ലിക് സര്‍വീസ് കമ്മ്യൂണിസ്റ്റ് കമ്മീഷന്‍ എന്നാക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളും സ്വജനപക്ഷപാതവും അഴിമതിയും അവസാനിപ്പിക്കുക,എല്ലാ പിന്‍വാതില്‍ നിയമനങ്ങളും റദ്ദാക്കുക,താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുവഴിയാക്കുക, പിഎസ് സിയെ രാഷ്ട്രീയവത്കരിക്കുന്ന നടപടികളില്‍ നിന്നും പിന്‍മാറുക, പിഎസ് സി വഴി

നിയമനം നടത്തുന്ന സ്ഥാപനങ്ങളില്‍ കരാര്‍ നിയമനം പിഎസ് സിക്കു വിടുക, വിലകയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുക, പിന്‍വാതില്‍ നിയമനത്തിന് ശുപാര്‍ശ ചെയ്ത തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ടും ഡിസംബര്‍ എട്ടിന് സെക്രട്ടേറിയറ്റിനു മുന്നിലും പതിമൂന്ന് ജില്ലകളിലെ കളക്ട്രേറ്റുകള്‍ക്ക് മുന്നിലും യുഡിഎഫ് ധര്‍ണ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന യുവജന സംഘടനകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് യുഡിഎഫും സമരരംഗത്തേക്ക് കടക്കുന്നതെന്നും ഹസ്സന്‍ പറഞ്ഞു.

ശശിതരൂര്‍ വിഷയം ഊതിവീര്‍പ്പിച്ച് വഷളാക്കിയത് മാധ്യമങ്ങളാണെന്ന് എംഎം.ഹസന്‍ പറഞ്ഞു. തരൂരിന്റെ മലബാര്‍ പര്യടനത്തില്‍ ഒരുവിവാദവുമില്ല. പാണക്കാട്ടേക്ക് തരൂര്‍ നിരവധിതവണ മുന്‍കാലങ്ങളിലും പോയിട്ടുണ്ട്. അതില്‍ പുതുമയുമില്ല. അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തിയാണ് തിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ പാര്‍ട്ടി നേരിട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രകടനപത്രിക തയാറാക്കിയത് തരൂരാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

Author