പനങ്ങാട് : പനങ്ങാട് നടന്ന റോട്ടറി ലീഗ് ബോട്ട് റേസില്‍ ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ ഡോ. ജേക്കബ് എബ്രഹാം ക്യാപ്റ്റനായ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലിന്റെ
ശ്രീവി നായകന്‍ ജേതാക്കളായി. പനങ്ങാട് – ചേപ്പനം കായലില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ വിജയ ഭാസ്‌കര്‍ ക്യാപ്റ്റനായ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ടൈറ്റന്റെ സെന്റ് ജോര്‍ജ് രണ്ടാം സ്ഥാനവും ഹരികൃഷ്ണന്‍ നായര്‍ ക്യാപ്റ്റനായ റോട്ടറി കൊച്ചിന്‍ സൗത്തിന്റെ ജവഹര്‍ തായങ്കരി മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ഇരുട്ടുകുത്തി വള്ളങ്ങളുടെ എ ഗ്രേഡ് മത്സരത്തില്‍ കൃഷ്ണദാസ് കര്‍ത്ത ക്യാപ്റ്റനായ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലാന്‍ഡ് സെന്‍ഡിന്റെ താണിയന്‍ ജേതാക്കളായി.
പി.എസ്. മനോജ് ക്യാപ്റ്റനായ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ വൈപ്പിന്‍ ഐലണ്ടിന്റെ പൊഞ്ഞനത്തമ്മ രണ്ടാം സ്ഥാനത്തും ബ്രൈറ്റ് പി.വി ക്യാപ്റ്റനായ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ മെട്രോപോളിസിന്റെ സെന്റ് സെബാസ്റ്റ്യന്‍ മൂന്നാം സ്ഥാനത്തും എത്തി. ബി ഗ്രേഡില്‍ മയില്‍പ്പീലി ജേതാക്കളായി. പമ്പാവാസൻ രണ്ടാം സ്ഥാനവും
ഗോതുരുത്ത് മൂന്നാം സ്ഥാനവും നേടി.
18 ഇരുട്ട് കുത്തിയും 4ചുണ്ടന്‍ വള്ളങ്ങളും മത്സരത്തില്‍ പങ്കെടുത്തു.
സമാപന സമ്മേളനത്തില്‍ സിആര്‍പിഎഫ് ചത്തിസ്ഗഡ് കമാന്‍ഡന്റ് പി. മനോജ് കുമാര്‍ ജേതാക്കള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. വള്ളംകളി കാണാന്‍ പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് എത്തി.
പ്രത്യേക പവലിയനിൽ നേരത്തേ
കെ.ബാബു എം എല്‍ എ ജലോത്സവം ഉദ്ഘാടനം ചെയ്തു. കുമ്പളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ എസ്. രാജ്‌മോഹന്‍ നായര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. റോട്ടറി മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ രാജശേഖര്‍ ശ്രീനിവാസന്‍, റെസ്‌പോണ്‍സിബിള്‍ ടൂറിസത്തിന്റെ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ , കുമ്പളം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ പള്ളുരുത്തി ബ്ലോക്ക് അംഗങ്ങൾ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
കുമ്പളം പഞ്ചായത്തിനെ ടൂറിസം ഭൂപടത്തില്‍ എത്തിക്കുക, കായല്‍ സംരക്ഷിക്കുക, നാടിന്റെ കൂട്ടായ്മ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ ഉയര്‍ത്തി റോട്ടറി ക്ലബ് കൊച്ചിന്‍ സൗത്ത്, കുമ്പളം ഗ്രാമപഞ്ചായത്ത്, തണല്‍ ഫൗണ്ടേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ജലോത്സവം സംഘടിപ്പിച്ചത്.
Report : vijin vijayappan