വിദ്യാലയങ്ങളിൽ സ്റ്റുഡന്റ് അലേർട്ട് പദ്ധതിയുമായി ലയൺസ്‌ ക്ലബ്ബ്

Spread the love

ത്യശൂർ: ലയൺസ്‌ ക്ലബ്ബിന്റെയും മണപ്പുറം ഫിനാൻസിന്റെയും ആഭിമുഖ്യത്തിൽ കേരള പോലീസുമായി സഹകരിച്ച് വിദ്യാലയങ്ങളിൽ നടത്തുന്ന വിദ്യാർത്ഥി ജാഗ്രത സദസ്സുകൾക്ക് തുടക്കമായി. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറോളം വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉത്ഘാടനം തൃശൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ ഐപിഎസ് നിർവഹിച്ചു. തൃശ്ശൂർ സെന്റ് ജോസഫ് സി.ജി.എച്ച്എസ്.എസ് മിഷൻ ക്വാർട്ടേഴ്‌സിൽ നടന്ന പരിപാടിയിൽ 2000ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

കേരളാ പോലീസിന്റെ സഹായത്തോടെ ലയൺസ്‌ ക്ലബ്ബ് വിദ്യാലയങ്ങളിൽ നടത്തുന്ന വിദ്യാർത്ഥി ജാഗ്രത സദസ്സുകൾ തീർത്തും അഭിനന്ദനാർഹമാണ്. ബഹു കേരള ഹൈകോടതിയുടെ നിർദേശപ്രകാരം സംസ്ഥാനത്തെ മുഴുവൻ സ്കൂളികളിലും വിദ്യാർത്ഥി സൗഹൃദ ജാഗ്രത സദസ്സുകൾ ആരംഭിക്കാൻ സർക്കാർ പദ്ധതിയുണ്ട്. പൊതുസമൂഹത്തെ മുഴുവൻ ബാധിക്കുന്ന, വിദ്യാത്ഥികൾക്കിടയിലെ ലഹരി ഉപയോഗം പോലുള്ള മാരക വിപത്തുകളെ തടയിടാൻ ഇത്തരം സദസ്സുകളുടെ ക്രിയാത്മക ഇടപെടലുകൾ സഹായിക്കും”. അദ്ദേഹം അഭിപ്രായപ്പെട്ടു. മണപ്പുറം ഫിനാൻസ് കോപ്രോമോട്ടറും, ലയൺസ്‌ ക്ലബ് ഡിസ്ട്രിക്ട് ഗവർണറുമായ സുഷമ നന്ദകുമാർ മുഖ്യാതിഥിയായി. ലയൺസ്‌ ക്ലബ്ബ് ഡിസ്ട്രിക്ട് ചീഫ് കോർഡിനേറ്റർ കെ എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു.

വിദ്യാലയത്തിനകത്തും പുറത്തും വിദ്യാർത്ഥികൾ നേരിടുന്ന ദുരനുഭവങ്ങളോ പ്രശ്നങ്ങളോ ആവിശ്യങ്ങളോ, സ്റ്റുഡന്റസ് അലേർട്ട് സൗകര്യം മുഖേന അറിയിക്കാം. ഇത്തരത്തിൽ ലഭിക്കുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കാനും പദ്ധതിയുണ്ട്. പരാതികളോ പ്രശ്നങ്ങളോ അറിയിക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.ചടങ്ങിൽ, വൈസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില, പ്രോഗ്രാം കോർഡിനേറ്റർ ഉദയകുമാർ , മണപ്പുറം ഫിനാൻസ് ചീഫ് പി ആർ ഒ സനോജ് ഹെർബർട്ട് എന്നിവർ പ്രസംഗിച്ചു.

Report :  Ajith V Raveendran

Author