ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ലത്തീന്‍ അതിരൂപതയുടെ ആവശ്യം ന്യായം.
വിഴിഞ്ഞത്ത് മനഃപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെയും പോലീസിന്റെയും പ്രകോപനപരമായ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
ജീവിക്കാനായുള്ള പോരാട്ടം നടത്തുന്ന മത്സ്യത്തൊഴിലാളി സമരത്തെ ഏതുവിധേനയും കൈകാര്യം ചെയ്ത് അടിച്ചമര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കില്‍ അത് കോണ്‍ഗ്രസ് അംഗീകരിക്കില്ല.പ്രതിഷേധം വഷളാക്കിയത് സര്‍ക്കാരിന്റെ നിലപാടാണ്. പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികര്‍ക്കെതിരെ പ്രതിചേര്‍ത്ത് കേസെടുത്ത് പ്രതികാരനടപടി സ്വീകരിച്ച ആഭ്യന്തരവകുപ്പ് മത്സ്യത്തൊഴിലാളികളോടും ലത്തീന്‍ സഭാവിശ്വാസികളോടും പരസ്യമായ യുദ്ധപ്രഖ്യാപനമാണ് നടത്തിയത്. സര്‍ക്കാരിന്റെ ഈ നടപടി നീതികരിക്കാനാവില്ല.വൈദികര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.അദാനിക്ക് വേണ്ടി സര്‍ക്കാര്‍ വിടുപണി ചെയ്യുകയാണ്. സമരക്കാരില്‍ നിന്നും 200 കോടിരൂപ നഷ്ടപരിഹാരം ഈടാക്കാനുള്ള നീക്കം അതിന്റെ ഭാഗമാണ്. അത് നടപ്പാക്കാമെന്നത് സര്‍ക്കാരിന്റെ ദിവാസ്വപ്നമാണെന്നും സുധാകരന്‍ പറഞ്ഞു.
പീഢിത ജനവിഭാഗങ്ങള്‍ക്കൊപ്പം നിന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിന്റെത്.തീരശോഷണം ഉള്‍പ്പെടെയുള്ള അതിജീവന പ്രശ്‌നങ്ങളിലെ ആശങ്കകള്‍ ഉയര്‍ത്തി മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ നടത്തുന്ന സമരത്തെ വര്‍ഗീയവത്കരിച്ച് അധിക്ഷേപിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചത്.സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത ബാഹ്യശക്തികളുടെ ഇടപെടലിനെ തുടര്‍ന്നാണ് വിഴിഞ്ഞത്ത് സംഘര്‍ഷമുണ്ടായതെന്ന ആക്ഷേപം നിലനില്‍ക്കുന്നു.കഴിഞ്ഞ ദിവസം പ്രതിഷേധം സംഘര്‍ഷത്തിലേക്ക് കലാശിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തണം. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ലത്തീന്‍ അതിരൂപതയുടെ ആവശ്യം ന്യായമാണ്. കോണ്‍ഗ്രസും ഇതേ ആവശ്യത്തെ പിന്തുണയ്ക്കുന്നു. വിഴിഞ്ഞം സമരം അട്ടിമറിക്കാന്‍ സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ബോധപൂര്‍വ്വമായി ശ്രമിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ജനകീയ സമരങ്ങളെ വര്‍ഗീയകലാപങ്ങളായി ചിത്രീകരിക്കുകയാണ് ഇരുവരും.മന്ത്രിമാര്‍ അത് ഏറ്റുപറയുകയാണ്. ഇത് ഗൗരവമായി തന്നെ കാണണമെന്നും ജിഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ഇക്കാര്യങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
വിഴിഞ്ഞം പദ്ധതി നടത്തിപ്പിന് പ്രദേശവാസികളെ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഉപജീവനമാര്‍ഗവും വരുമാനവും നഷ്ടപ്പെട്ട അവരെ ശത്രുക്കളായി പ്രഖ്യാപിക്കുന്നത് ഉചിതമല്ല. ഉപജീവനമാര്‍ഗം നഷ്ടമായതിന്റെ ആശങ്കയിലാണ് അവര്‍. മത്സ്യത്തൊഴിലാളി പ്രതിനിധികളെ ഉള്‍പ്പെടുത്തി തീരശോഷണം സംബന്ധിച്ച പഠനം എത്രയും വേഗം നടത്തണം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഭവനരഹിതരായവരെ എത്രയും വേഗം പുനരധിവസിപ്പിക്കുകയും തുറമുഖ നിര്‍മ്മാണം നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തുകയും വേണം.യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 475 കോടിയുടെ പാക്കേജ് നടപ്പാക്കുന്നതിലെ അലംഭാവം എല്‍ഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിക്കണം. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങുകയാണ്. വിഴിഞ്ഞം സമരം അട്ടിമറിക്കാന്‍ പോലീസും സര്‍ക്കാരും ശ്രമിക്കുന്നുണ്ടെന്ന ആക്ഷേപം സമരസമിതി നേരത്തെ ആരോപിച്ചതാണ്. കഴിഞ്ഞ ദിവസം സമരക്കാര്‍ക്കെതിരെ പോലീസിന്റെ ഭാഗത്ത് നിന്നും കല്ലേറുണ്ടായെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതെല്ലാം പരിശോധിക്കണം. തലസ്ഥാന നഗരി മണിക്കൂറുകള്‍ സംഘര്‍ഷഭരിതമായിട്ടും അതിലിടപ്പെട്ട് പ്രശ്നം പരിഹരിക്കാന്‍ തയ്യാറാകാതിരുന്ന ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി കുറ്റകരമായ മൗനമാണ് തുടര്‍ന്നതെന്നും സുധാകരന്‍ പറഞ്ഞു.