ആർത്തവാവധി എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത് പരിഗണിക്കും : മന്ത്രി

Spread the love

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നടപ്പാക്കിയ ആർത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാൻ പരിഗണിക്കുന്നത്.

എസ്.എഫ്.ഐ. നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയന്റെ ആവശ്യപ്രകാരമാണ് കുസാറ്റിൽ ആർത്തവാവധി നൽകാൻ തീരുമാനിച്ചത്. ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന മാനസിക – ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം വ്യാപിപ്പിക്കാൻ ആലോചിക്കുന്നത്.

വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല കൊണ്ടുവന്നത്. ഇത് മറ്റു സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് വലിയ ആശ്വാസമായിരിക്കും – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇക്കാര്യമാവശ്യപ്പെട്ട് എസ് എഫ് ഐ സംസ്ഥാന നേതൃത്വം നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Author