കേരളം കടക്കെണിയിലെന്നു കുപ്രചരണം നടത്തുന്നു: മുഖ്യമന്ത്രി

Spread the love

വസ്തുതകൾ മറച്ചുവച്ച് കേരളം വലിയ കടക്കെണിയിലാണെന്നു ചിലർ കുപ്രചരണം നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കടം വർധിക്കുന്നതിനേക്കാൾ ഉയർന്ന തോതിൽ കേരളത്തിന്റെ വരുമാനം വർധിക്കുന്നുണ്ടെന്നും കുപ്രചരണങ്ങളുടെ മുനയൊടിക്കാൻ കാര്യക്ഷമമായ നികുതി പിരിവിലൂടെ വിഭവ സമാഹരണം വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ സമഗ്ര പുനഃസംഘടനാ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

20 വർഷംകൊണ്ടു കേരളത്തിന്റെ കടം 13 ഇരട്ടിയായെന്നാണു പ്രചാരണമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 20 വർഷം മുൻപ് 63,000 കോടി രൂപായിരുന്ന സംസ്ഥാന ആഭ്യന്തര വരുമാനം ഇന്നു 10 ലക്ഷം കോടി രൂപയിലധികമായിരിക്കുന്നു. 16 ഇരട്ടി വർധനവുണ്ടായി. 20 വർഷം മുൻപ് 9,973 കോടി രൂപയായിരുന്നു റവന്യൂ വരുമാനം. ഇന്ന് അത് 1,35,000 കോടി രൂപയോളമായി. 14 ഇരട്ടി വർധനവ്. 20 വർഷം മുൻപ് ആളോഹരി വരുമാനം 19,463 രൂപയായിരുന്നു. ഇപ്പോൾ അത് 2,30,000 രൂപയോളം എത്തി നിൽക്കുന്നു. ഏകദേശം 12 ഇരട്ടിയോളം വർധനവ് ഇതിലുമുണ്ട്. കേരളത്തിന്റെ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയേക്കാൾ 77 ശതമാനം ഉയർന്നതാണ്. കടത്തെക്കുറിച്ചു പറയുന്നവർ ഈ വരുമാന വർധനവിനെക്കുറിച്ചുകൂടി പറയണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ജി.എസ്.ടി. വകുപ്പിന്റെ പുനഃസംഘടനയോടെ ചരക്കു സേവന നികുതി നിലവിൽവന്ന ശേഷം നികുതി വകുപ്പിൽ സമഗ്ര പുനഃസംഘടന നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്തിന്റെ നികുതി പിരിവ് കാര്യക്ഷമമാക്കാൻ ഉതകുന്നതാകും വകുപ്പിൽ പുതുതായി കൊണ്ടുവരുന്ന പരിഷ്‌കാരങ്ങളെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ,സി.ജി.എസ്.ടി. ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോൺ ചീഫ് കമ്മിഷണർ ജെയിൻ കരുണ നഥാനിയേൽ, കൗൺസിലർ പാളയം രാജൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജു അപ്സര, കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, നികുതി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ കേൽക്കർ, സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് കമ്മിഷണർ അജിത് പാട്ടീൽ,സ്പെഷ്യൽ കമ്മിഷണർ എസ്. കാർത്തികേയൻ, അഡിഷണൽ കമ്മിഷണർ ഏബ്രഹാം റെൻ തുടങ്ങിയവർ പങ്കെടുത്തു.

Author