റബര്‍ വിപണിയുടെ തകര്‍ച്ചയ്ക്കു പിന്നില്‍ റബര്‍ ബോര്‍ഡിന്റെ കര്‍ഷകവിരുദ്ധ സമീപനം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Spread the love

കോട്ടയം: റബറിന്റെ രാജ്യാന്തരവില കുതിച്ചുയര്‍ന്നിട്ടും ആഭ്യന്തരവിപണി തകര്‍ച്ച നേരിടുന്നതിന്റെ പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെയും റബര്‍ ബോര്‍ഡിന്റെയും കര്‍ഷകവിരുദ്ധ നിഷ്‌ക്രിയ സമീപനമാണെന്നും വ്യവസായികളെ സംരക്ഷിക്കുവാന്‍ കര്‍ഷകനെ കുരുതികൊടുക്കുന്ന ക്രൂരത ഭരണസംവിധാനങ്ങള്‍ തുടരുന്ന കാലത്തോളം റബര്‍ കര്‍ഷകന് നീതി ലഭിക്കില്ലെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.

റബറിന്റെ രാജ്യാന്തരവില ഉയര്‍ന്നുനില്‍ക്കുമ്പോള്‍ ഇറക്കുമതി ആദായകരമല്ല. ഇതിന്റെ മറവില്‍ ആഭ്യന്തര വിപണി തകര്‍ത്ത് സംഭരണം നടത്തുകയെന്ന തന്ത്രമാണ് വ്യവസായികള്‍ നടപ്പിലാക്കുന്നത്. ഈ സാഹചര്യത്തില്‍ ആഭ്യന്തര വിപണിയില്‍ യാതൊരു ഇടപെടലും നടത്താതെ റബര്‍ബോര്‍ഡ് വ്യവസായികള്‍ക്ക് ഒത്താശ ചെയ്യുന്നു. റബര്‍ ബോര്‍ഡ് പ്രഖ്യാപിക്കുന്ന വിപണിവില വ്യവസായികളുടെ താല്പര്യം സംരക്ഷിക്കുവാന്‍ മാത്രമാണെന്ന് കര്‍ഷകര്‍ തിരിച്ചറിയണം.

റബര്‍ വിപണിയെ കാലങ്ങളായി നിയന്ത്രിക്കുന്ന വ്യവസായികളുടെ റബര്‍ സ്റ്റാമ്പായി വാണിജ്യമന്ത്രാലയവും റബര്‍ ബോര്‍ഡും അധഃപതിച്ചിരിക്കുന്നു. ഇറക്കുമതി നിയന്ത്രിക്കുന്നതിലോ ആഭ്യന്തര വിപണിയില്‍ ന്യായവില ഉറപ്പാക്കുന്നതിലോ ശ്രമിക്കാതെ റബര്‍ ബോര്‍ഡ് ഒളിച്ചോട്ടം തുടരുമ്പോള്‍ റബര്‍ കൃഷിയില്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ തകരുന്നു.

ഡിസംബര്‍ മാസത്തില്‍ സ്വാഭാവികമായുണ്ടാകുന്ന റബര്‍ ഉല്പാദനവര്‍ദ്ധനവ് കഴിഞ്ഞ വര്‍ഷം ഉണ്ടായിട്ടില്ല. റബര്‍ ബോര്‍ഡിന്റെ ഉല്പാദന ഉപഭോഗ കണക്കുകള്‍ക്ക് വ്യക്തമായ മാനദണ്ഡമോ അടിസ്ഥാനമോ ഇല്ലെന്ന് ഇന്‍ഫാം മുന്‍കാലങ്ങളില്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കിയിട്ടുണ്ട്. റബറിന്റെ ഉല്പാദന ചെലവ് അടിസ്ഥാനപ്പെടുത്തി ന്യായവില ഉറപ്പാക്കി സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെങ്കില്‍ റബര്‍ വിപണിയില്‍ ഇനിയും വന്‍ വിലത്തകര്‍ച്ച നേരിടും. ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും കര്‍ഷകരെ വിഢികളാക്കാന്‍ നടത്തുന്ന ചട്ടപ്പടി സമരങ്ങളില്‍ വിശ്വാസമില്ലെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി ജനറല്‍, ഇന്‍ഫാം
+91 70126 41488

Author