പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം (01/02/2023).
മന്ത്രിയുടെ മറുപടി ഒന്നും ചെയ്യാത്തതിന്റെ കുറ്റസമ്മതം; യോഗം വിളിച്ചാല്‍ കൊമ്പന്‍മാര്‍ കാട് കയറില്ല
തിരുവനന്തപുരം : കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 29.1 ശതമാനം വനഭൂമിയാണ്. സംസ്ഥാനത്തെ 30 ലക്ഷം പേരെയാണ് വന്യമൃഗ സംഘര്‍ഷം ബാധിക്കുന്നത്. ഇതില്‍ 725 സെറ്റില്‍മെന്റുകളിലായി താമസിക്കുന്ന ഒരു ലക്ഷത്തിലധികം ആദിവാസികളുമുണ്ട്. വന്യജീവി ശല്യം വനാതിര്‍ത്തിയും പിന്നിട്ട് പത്തും പതിനഞ്ചും കിലോമീറ്റര്‍ പുറത്തേക്ക് കടന്നിരിക്കുകയാണ്. കുഞ്ഞുങ്ങളെ സ്‌കൂളില്‍ അയയ്ക്കാനോ പുറത്തിറങ്ങാനോ സാധിക്കാതെ ജനങ്ങള്‍ ഭീതിയിലാണ്. ഒരു കാലത്തും ഉണ്ടാകാത്തത്രയും അരക്ഷിതാവസ്ഥയില്‍ ജനം കഴിയുമ്പോഴാണ് ഈ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്ത് സമയം കളയേണ്ട ആവശ്യമേയില്ലെന്ന് വനംവകുപ്പ് മന്ത്രി പറഞ്ഞത്.
വയനാടും കണ്ണൂരും ഇടുക്കിയും ഉള്‍പ്പെടെയുള്ള ജില്ലകളിലെ ജനങ്ങള്‍ ആധിയില്‍ കഴിയുന്ന സാഹചര്യത്തിലാണ് സഭാ സമ്മേളനത്തിലെ ആദ്യ അടിയന്തിര പ്രമേയമായി ഈ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചത്.
വനം വകുപ്പ് മന്ത്രി യോഗം വിളിച്ചിട്ടും ജനങ്ങള്‍ സമരം ചെയ്തത് എന്തിനാണെന്നാണ് ചോദിക്കുന്നത്. ഇടുക്കിയില്‍ മന്ത്രി യോഗം വിളിച്ചത് കൊണ്ട് റോഡില്‍ ഇറങ്ങി നടന്ന കൊമ്പന്‍മാരെല്ലാം കാടുകയറിയോ? ഭീതികൊണ്ടാണ് ജനം സമരം ചെയ്യുന്നത്. സര്‍ക്കാരിന്റെ ഇടപെടലാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ആളെ കൊന്നാല്‍ മാത്രമേ ആനയെയും കടുവയെയും കൂട്ടിലയ്ക്കൂവെന്ന സ്ഥിതിയാണ്. വന്യജീവി ശല്യത്തെ തുടര്‍ന്ന് വനാതിര്‍ത്തിയിലെ എല്ലാ കൃഷികളും നശിച്ചു. കൃഷിനാശം സംഭവിച്ച ഒരാള്‍ക്ക് പോലും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത അവസ്ഥയാണ്. ഒരു വര്‍ഷത്തിനിടെ 144 പേരാണ് മരിച്ചത്. 8705 പേര്‍ക്ക് കൃഷിനാശമുണ്ടായി. ഒന്നരക്കൊല്ലമായി കൃഷിനാശത്തിനുള്ള അപേക്ഷകളില്‍ തീരുമാനമെടുത്തിട്ടില്ല.
കടുവ ശല്യം രൂക്ഷമായിട്ടും ഒരു പഠനം പോലും നടത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇപ്പോഴും പഠനം നടത്തുമെന്നാണ് പറയുന്നത്. വനം വകുപ്പ് അല്ലെങ്കില്‍ പിന്നെ ഏത് വകുപ്പാണ് ഇതിനെക്കുറിച്ച് പഠിക്കേണ്ടത്? വന്യജീവികളുടെ എണ്ണം എത്ര ശതമാനം കൂടിയിട്ടുണ്ടെന്ന് പോലും വനം വകുപ്പിന് അറിയില്ല. ഇത് തന്നെയാണ് ബഫര്‍ സോണ്‍ വിഷയത്തിലും സംഭവിച്ചത്. ഇപ്പോള്‍ സുപ്രീം കോടതിയുടെ ഔദാര്യത്തിന് വേണ്ടി കാത്തു നില്‍ക്കേണ്ട അവസ്ഥയിലേക്കെത്തിച്ചു. മനുഷ്യ- വന്യജീവി സംഘര്‍ഷവും ഇതേ രീതിയിലാണ് വനം വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഫോറസ്റ്റ് വാച്ചര്‍മാര്‍ക്ക് ശമ്പളം പോലും നല്‍കുന്നില്ല. ഒരു സംവിധാനങ്ങളും ഇല്ലാത്ത ഡിപ്പാര്‍ട്ട്‌മെന്റായി വനം വകുപ്പ് മാറിയിരിക്കുകയാണ്.
മനുഷ്യ- വന്യജീവി സംഘര്‍ഷം കേരളത്തിലെ എം.പിമാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചില്ലെന്ന് മന്ത്രി പറഞ്ഞത് തെറ്റാണ്. ഇതുവരെ വനംവകുപ്പ് ഒന്നും ചെയ്യാത്തതിന്റെ കുറ്റസമ്മതമാണ് മന്ത്രി ഇപ്പോള്‍ നിയമസഭയില്‍ നടത്തിയത്. വരാനിരിക്കുന്ന പഠനത്തിന് വേണ്ടി കാത്തിരിക്കുകയാണ്. മനുഷ്യന്‍ ഭീതിയില്‍ കഴിയുമ്പോള്‍ അതിനെ സര്‍ക്കാര്‍ നിസാരവത്ക്കരിക്കുകയാണ്. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പണപ്പിരിവ് നടത്തി കിടങ്ങുകളും ബയോ ഫെന്‍സിംഗുകളും ഉണ്ടാക്കണമെന്നാണ് മന്ത്രി ഇന്നലെ ഇടുക്കിയില്‍ പറഞ്ഞത്. ഇതൊക്കെ സര്‍ക്കാരാണ് ചെയ്യേണ്ടത്. ജനം മരണഭീതിയില്‍ കഴിയുമ്പോള്‍ സര്‍ക്കാരിന്റെ കൈയ്യില്‍ ഒരു പദ്ധതിയുമില്ല. മറ്റു സംസ്ഥാനങ്ങളില്‍ ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെ നടപ്പാക്കിയിട്ടുണ്ട്. ഇതൊക്കെ കേരളത്തിലെ വനം വകുപ്പ് കണ്ട് പഠിക്കണം. രാഷ്ട്രീയ ഭേദമില്ലാതെയാണ് ജനങ്ങള്‍ സമരത്തിനിറങ്ങുന്നത്. എന്നിട്ടും സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നു പോലും അറിയാതെയാണ് മന്ത്രി അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കിയത്.