കേരളത്തിന്റെ ശുചീകരണ സൈന്യമാണ് ഹരിതകർമസേന: മന്ത്രി

Spread the love

സാമൂഹിക പ്രതിബദ്ധതയും സത്യസന്ധതയും നിലനിർത്തിക്കൊണ്ട് കേരളത്തിന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുന്നവരാണ് ഹരിതകർമ്മസേനയെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു തിരുവനന്തപുരം കരിമഠം കോളനിയിലെത്തി ഹരിത കർമസേന അംഗങ്ങളെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മണക്കാട് വാർഡിലെ 15 പേരടങ്ങുന്ന ഹരിതകർമസേനയിൽ ഓരോ അംഗങ്ങളും പതിനായിരം രൂപ മാലിന്യ ശേഖരണ യൂസർ ഫീസിനത്തിൽ വരുമാനം നേടുന്നു എന്നത് മാതൃകപരമാണ്. ഇതോടൊപ്പം അവശതയനുഭവിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യ കിറ്റും വിതരണം ചെയ്യാൻ ഹരിതകർമസേന തയാറാകുന്നു. സേനാംഗങ്ങളോടുള്ള പൊതുസമീപനത്തിൽ വലിയ മാറ്റമാണുണ്ടായിരിക്കുന്നത്.

അനധികൃതമായി സ്വകാര്യ ഏജൻസികൾ മാലിന്യം ശേഖരിക്കുന്നത് സർക്കാർ അനുവദിക്കില്ല. ഹരിതകർമസേന പ്രവർത്തനങ്ങൾക്ക് പരിരക്ഷ നൽകി മാലിന്യ ശേഖരണ, നിർമാർജന പ്രവർത്തനങ്ങൾക്കു വേണ്ട നിയമനിർമാണ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്.

5 ലക്ഷം രൂപ മാലിന്യത്തോടൊപ്പം കിട്ടിയപ്പോൾ ഉടമസ്ഥന് തിരികെ നൽകിയ കാസർകോട്ടെ ഹരിതകർമസേനയുടെ മാതൃകയാണ് ഓരോ സേനാംഗങ്ങളും പിൻതുടരുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ വാർഡിൽ നടത്തുന്ന ശുചിത്വ പരിപാലന പരിപാടികൾ മേയർ ആര്യ രാജേന്ദ്രൻ മന്ത്രിയോട് വിശദീകരിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബിജു, ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജ് സുഭാഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സന്ധ്യ ലക്ഷ്മി എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.

Author