വികസനത്തിനും വ്യവസായ മേഖലയ്ക്കും സംരംഭങ്ങൾക്കും പ്രാധാന്യം നൽകി സംസ്ഥാന ബജറ്റ്: പ്രതികരണങ്ങളുമായി വ്യവസായ പ്രമുഖർ

Spread the love

2023-24 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 1,35,419 കോടി രൂപ റവന്യൂ വരുമാനവും 1,76,089 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് മന്ത്രി അവതരിപ്പിച്ചത്. പെട്രോളിനും ഡീസലിനും മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയും വിവിധ നികുതികള്‍ കൂട്ടിയതുള്‍പ്പെടെ സംസ്ഥാന ബജറ്റിലുണ്ട്. പ്രതികരണങ്ങളുമായി വ്യവസായ പ്രമുഖ വ്യവസായികൾ.

സംസ്ഥാനത്തിന്റെ വികസനത്തെയും വളർച്ചയെയും മുന്നോട്ടുനയിക്കാനുതകുന്ന പുരോഗമനപരവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ ബഡ്ജറ്റാണ് കേരളസർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, ഉന്നതവിദ്യാഭ്യാസം, ഗവേഷണം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ

അനവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസായ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അവസരമൊരുക്കുന്ന മേക്ക് ഇൻ കേരള പ്രോജക്ട് സ്വാഗതാർഹമായ ചുവടുവെപ്പാണ് എന്ന് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ്‌ & ഹെഡ് പ്ലാനിങ്, ജോയ് പി വി അഭിപ്രായപ്പെട്ടു.

“വ്യവസായ മേഖലയ്ക്കായി വകയിരുത്തിയ 1259.66 കോടി രൂപയില്‍ ചെറുകിട വ്യവസായങ്ങള്‍ക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും വലിയ പരിഗണന ലഭിച്ചിട്ടുണ്ട്. ഗ്രാമീണ ചെറുകിട വ്യവസായങ്ങള്‍ക്കായി 483.40 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഇത്തരം സംരംഭങ്ങള്‍ക്ക് ഇത് ഉത്തേജനമാകും. മാത്രമല്ല, കോവിഡ് പ്രതിസന്ധി മൂലം നിലച്ചു പോകുകയോ തടസ്സപ്പെടുകയോ ചെയ്ത ചെറുകിട സംരംഭകര്‍ക്ക് വലിയ പിന്തുണ ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷ. ബഹുനില വ്യവസായ എസ്റ്റേറ്റുകള്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനവും ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന വിവിധ ശേഷിവര്‍ധന പദ്ധതികള്‍ നടപ്പാക്കുന്ന പദ്ധതിയും സംരംഭകര്‍ക്ക് ഗുണം ചെയ്യും. കൂടാതെ വര്‍ഷംതോറും സംഘടിപ്പിക്കുന്ന തരത്തില്‍ ഒരു രാജ്യാന്തര വ്യാപാര മേള തുടങ്ങാനുള്ള പദ്ധതി നമ്മുടെ പ്രാദേശിക ബിസിനസിന് പുതിയ അവസരങ്ങള്‍ തുറന്നു നല്‍കും.” എന്ന് കെ എസ് ഐ ഡി സി ഡയറക്ടറും വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ വികെസി റസാക്ക് പറഞ്ഞു.

സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ബജറ്റാണിത്. പുതുതായി തുടങ്ങിയ ഒരു ലക്ഷത്തിലേറെ സംരംഭങ്ങളുടെ വിറ്റുവരവ് ഒരു ലക്ഷം കോടിയിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള നാലു വര്‍ഷത്തെ പദ്ധതി വലിയ പ്രോത്സാഹനമാണ്. കൊച്ചി-ബംഗളുരു ഇടനാഴിക്ക് വേണ്ടി പാലക്കാട് 2000 ഏക്കര്‍ ഏറ്റെടുക്കുന്നതും വിഴിഞ്ഞം പോര്‍ട്ടിനോടനുബന്ധിച്ച് റിങ് റോഡ് വരുന്നതും ഈ മേഖലകളില്‍ സമഗ്ര വികസനത്തിനും വഴിയൊരുക്കും. കയറ്റുമതി സംരംഭങ്ങള്‍ക്കും സാധ്യതയേറെയാണ്. പരമ്പരാഗത വ്യവസായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എടുത്ത് പറയേണ്ടതാണ്. ഇന്ന് രാഷ്ട്രീയ പാര്‍ട്ടികളിലും സാമൂഹിക സംഘടനകളിലും ചെറുപ്പക്കാരിലും ഒരു സംരംഭകത്വ മനോഭാവം ഉണ്ടായിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തി കൂടുതല്‍ സംരംഭങ്ങള്‍ ഉണ്ടാവുകയും പുറത്തുള്ള മലയാളി സംരംഭകരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനും കൂടി കഴിഞ്ഞാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തീർച്ചയായും ഗുണം ചെയ്യും. എല്ലാം സര്‍ക്കാര്‍ നേരിട്ട് ചെയ്യണമെന്ന മനോഭാവം മാറേണ്ടതുണ്ട്. സംരംഭങ്ങള്‍ ഉണ്ടായാലെ സര്‍ക്കാരിന്റെ തനത് വരുമാനം വര്‍ധിക്കുകയുള്ളൂ എന്ന് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം ഡി & സി.ഇ.ഒ കെ പോൾ തോമസ് അഭിപ്രായപ്പെട്ടു.

Report : Sneha Sudarsan 

Author