ഹാഥ് സെ ഹാഥ് ജോഡോ അഭിയാന്റെയും 138 ചലഞ്ചിന്റെയും ഉദ്ഘാടനം ഫെബ്രുവരി 12 ന്

Spread the love

ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി എ.ഐ.സി.സി പ്രഖ്യാപിച്ച രാജ്യവ്യാപക ജനസമ്പര്‍ക്ക പരിപാടിയായ ഹാഥ് സെ ഹാഥ് ജോഡോ അഭിയാനും

കെ.പി.സി.സിയുടെ ഫണ്ട് ശേഖരണ പദ്ധതിയായ 138 ചലഞ്ചിനും ഫെബ്രുവരി 12 ന് കേരളത്തില്‍ തുടക്കം കുറിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.

എറണാകുളം ഡി.സി.സി ഓഫീസില്‍ രാവിലെ 10.30ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വെച്ച് എ.ഐ.സി.സിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി ഉദ്ഘാടനം നിര്‍വഹിക്കും.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി ഭാരവാഹികള്‍, രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍,നിര്‍വ്വാഹക സമിതി അംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, പോഷകസംഘടന പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഭാരത് ജോഡോ യാത്രയില്‍ സ്ഥിരം പദയാത്രികരായും, അംഗങ്ങളായും പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള വ്യക്തികളെ ആ യോഗത്തില്‍ വച്ച് ആദരിക്കും.

ഹാഥ് സെ ഹാഥ് ജോഡോ അഭിയാന്‍ ജനസമ്പര്‍ക്ക പരിപാടിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ബൂത്തുതല ഭവന സന്ദര്‍ശനങ്ങള്‍ ഫെബ്രുവരി 14 മുതല്‍ 24 വരെയും ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 21 വരെ പദയാത്രകളും സംഘടിപ്പിക്കും.

Author