കെ എസ് ആർ ടി സിയെ കൂടുതൽ ജനകീയമാക്കും : മന്ത്രി ആന്റണി രാജു

Spread the love

കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് വിവിധ സ്ഥലങ്ങളിൽ യാത്ര ഫ്യുവൽസ് ഔട്ട് ലെറ്റുകൾ സ്ഥാപിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു. തിരുവനന്തപുരം വികാസ് ഭവൻ ഡിപ്പോയിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി സഹകരിച്ച് സ്ഥാപിച്ച യാത്രാ ഫ്യുവൽസ് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഔട്ട് ലെറ്റ് നിലനിൽക്കുന്ന സ്ഥലത്തെ തറവാടകയും ഏജൻസി കമ്മീഷനും ഫ്യുയൽ ഔട്ട്‌ലെറ്റ് നടത്തിപ്പിലൂടെ കെ എസ് ആർ ടി സിക്ക് ലഭിക്കും.

നിലവിൽ 11 സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ വിവിധ കമ്പനികളുമായി സഹകരിച്ച് ഔട്ട് ലെറ്റുകൾ സ്ഥാപിച്ചുകഴിഞ്ഞു. വരുന്ന രണ്ടു മാസത്തിനുള്ളിൽ 13 ഔട്ട് ലെറ്റുകൾ സംസ്ഥാനത്ത് പ്രവർത്തനക്ഷമമാകും. ഗ്രാമ വണ്ടി സേവനവും സിറ്റി സർക്കുലർ ബസും സ്വിഫ്റ്റ് സർവീസും കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പള പരിഷ്‌കരണവും അടക്കം വിവിധ ക്ഷേമ പ്രവർത്തനങ്ങളും വരുമാന വർദ്ധക പരിപാടികളുമായി കെഎസ്ആർടിസി മുന്നോട്ടു പോവുകയാണ്. പൊതുനിരത്തിലെ വാഹനപ്പെരുപ്പം നിയന്ത്രിച്ചുകൊണ്ട് കൂടുതൽ പൊതുഗതാഗതത്തെ ജനകീയമാകുന്നു സമീപനങ്ങളാണ് നിലവിൽ സ്വീകരിച്ചു വരുന്നത്. ഇതിനായി പ്രകൃതി സൗഹൃദവും ചെലവുകുറഞ്ഞതുമായ ഇലക്ട്രിക് ബസ്സുകൾ നിരത്തിലെത്തിച്ചു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കൂടുതൽ ബസുകൾ തിരുവനന്തപുരം നഗരത്തിൽ ഈ മാസത്തിനുള്ളിൽ എത്തിച്ചേരും.

കെഎസ്ആർടിസി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കിയ ഗ്രാമ വണ്ടി, സിറ്റി സർക്കുലർ ബസ് പരിഷ്‌കാരങ്ങൾക്ക് കേന്ദ്ര ഗവൺമെൻറിന്റെ ഉൾപ്പെടെ പുരസ്‌കാരങ്ങൾ ലഭിച്ചത് അഭിമാനാർഹമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

വി കെ പ്രശാന്ത് എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എസ് ആർ ടി സി എം ഡി ബിജു പ്രഭാകർ സ്വാഗതം ആശംസിച്ചു. എച്ച് പി സി എൽ ജനറൽ മാനേജർ (റീടെയ്ൽ) സി ആർ വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ എ. മേരി പുഷ്പം, അംജദ് മുഹമ്മദ്, സുരേഷ്, സോണി, അജയകുമാർ, ആർ ചന്ദ്രമോഹൻ എന്നിവർ സംബന്ധിച്ചു.

 

Author