ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ആരോഹണ്‍ സോഷ്യല്‍ ഇന്നൊവേഷന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

Spread the love

കൊച്ചി: ഇന്‍ഫോസിസിന്റെ സിഎസ്ആര്‍ വിഭാഗമായ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ 3ാമത് ആരോഹണ്‍ സോഷ്യല്‍ ഇന്നൊവേഷന്‍ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. സാമൂഹിക നവീകരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നൊവേറ്റര്‍മാര്‍ക്കും സാമൂഹ്യ സംരംഭകര്‍ക്കും നല്‍കുന്നതാണ് ആരോഹണ്‍ സോഷ്യല്‍ ഇന്നൊവേഷന്‍ അവാര്‍ഡ്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സ്ത്രീ ശാക്തീകരണം എന്നിങ്ങനെയുള്ള 3 വിഭാഗങ്ങളിലുള്ളവര്‍ക്ക് അവാര്‍ഡിനായി അപേക്ഷിക്കാം. ഒരു വിജയിക്ക് 50 ലക്ഷം രൂപ വരെ സമ്മാനം ലഭിക്കും. മൊത്തം സമ്മാനത്തുക 2 കോടി രൂപയാണ്. 2023 മാര്‍ച്ച് 12നാണ് അവാര്‍ഡിന് അപേക്ഷിക്കാനുള്ള അവസാന തിയതി.

സാമൂഹ്യ പുരോഗതിക്ക് ഉതകുന്ന നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനും അതിന് പ്രതിഫലം നല്‍കാനുമാണ് അവാര്‍ഡിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ട്രസ്റ്റി സുമിത് വിര്‍മാനി പറഞ്ഞു. രാജ്യത്തെ താഴെക്കിടയിലുള്ളവരുടെ ജീവിതത്തില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ സാദ്ധ്യതയുള്ള സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പരിഹാരമാര്‍ഗങ്ങള്‍ വികസിപ്പിക്കുന്ന വ്യക്തികള്‍, സംഘങ്ങള്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ എന്നിവരെ പ്രോത്സാഹിപ്പിക്കാനും പ്രതിഫലം നല്‍കാനുമാണ് ആരോഹണ്‍ സോഷ്യല്‍ ഇന്നൊവേഷന്‍ അവാര്‍ഡ് 2023 ലക്ഷ്യമിടുന്നത്.

18 വയസിന് മുകളില്‍ പ്രായമുള്ള ഇന്ത്യയില്‍ ജീവിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അപേക്ഷിക്കാം. ആരോഹണ്‍ സോഷ്യല്‍ ഇന്നൊവേഷന്‍ അവാര്‍ഡിന്റെ വെബ് സൈറ്റില്‍ വീഡിയോ ഫോര്‍മാറ്റിലാണ് എന്‍ട്രി അപ് ലോഡ് ചെയ്യേണ്ടത്. പുര്‍ണമായും പൂര്‍ത്തിയായ പദ്ധതി അല്ലെങ്കില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ പ്രോട്ടോട്ടൈപ്പ് വേണം എന്‍ട്രിയായി അയക്കാന്‍. ആശയം, മോക്കപ്പ് എന്നിവ സ്വീകാര്യമല്ല. വ്യക്തികള്‍, സംഘങ്ങള്‍, ലാഭേതര , സാമൂഹ്യ സംരംഭങ്ങള്‍ എന്നിവര്‍ക്കും എന്‍ട്രി അയക്കാം. പ്രമുഖ വ്യക്തികളടങ്ങിയ ജഡ്ജിമാരുടെ പാനല്‍ വിജയികളെ കണ്ടെത്തും.അവാര്‍ഡ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.infosys.com/infosys-foundation/aarohan-social-innovation-awards.html സന്ദര്‍ശിക്കുക.

Author