കേരളം കടക്കെണിയിലല്ല : മുഖ്യമന്ത്രി

Spread the love

കേരളത്തിന്റെ കടത്തിന്റെ വളർച്ച കുതിച്ചുയരുകയാണ് എന്നത് വസ്തുതാ വിരുദ്ധമായ പ്രചരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

2021-22 ൽ മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കടം വളർന്നത് 13.04 ശതമാനമാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കടത്തിന്റെ വളർച്ച 10.33 ശതമാനമായി കുറഞ്ഞു. 2023-24 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടത്തിന്റെ വളർച്ച 10.21 ശതമാനമാണ്. ഈ കണക്കുകൾ കടവർദ്ധനയുടെയും കടക്കെണിയുടെയും ലക്ഷണങ്ങളല്ല. ജനങ്ങളുടെ യുക്തിക്കു നേരെ തൽപ്പരകക്ഷികൾ വെച്ച കെണിയിൽ ഒരാളും പെടാൻ പോകുന്നില്ല. സംസാരിക്കുന്ന കണക്കുകൾ വസ്തുതകളെ തുറന്നുകാട്ടുമ്പോൾ കടക്കെണി എന്ന പ്രചാരണം ഏറ്റെടുത്തവർക്ക് അത് പൂട്ടിവയ്ക്കേണ്ടിവന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തിന്റെ വാർഷിക വളർച്ചാ നിരക്ക് 20 ശതമാനത്തിൽ കൂടുതലാണ്. 2021-22 ൽ 22.41 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. ജി.എസ്.ടിയുടെ വളർച്ചാ നിരക്ക് 2021-22 ൽ 20.68 ശതമാനമാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ജി.എസ്.ടി വരുമാനത്തിലെ വളർച്ചാനിരക്ക് 25.11 ശതമാനമാണ്. ഇത് നികുതി ഭരണരംഗത്തെ കാര്യക്ഷമതയുടെയും സംസ്ഥാന സർക്കാരിന്റെ മൂലധന ചെലവുകൾ ഉൾപ്പെടെയുള്ള ഇടപെടലുകൾ കാരണം സാധ്യമായ ഉയർന്ന സാമ്പത്തിക വളർച്ചാനിരക്കും കാരണമാണ്.

യാഥാർത്ഥ്യം ഇതായിരിക്കെ നികുതിപിരിവ് നടക്കുന്നില്ലെന്നും കെടുകാര്യസ്ഥതയാണെന്നുമുള്ള പ്രചാരണം അസംബന്ധമാണ്. 62 ലക്ഷം ആളുകൾക്ക് മാസം കൃത്യമായി വിവിധ തരം സാമൂഹ്യക്ഷേമ പെൻഷനുകൾ നൽകുന്നതിന് ഏർപ്പെടുത്തിയ നികുതി വലിയ തെറ്റാണെന്ന് പറയുന്നവർക്ക് കടക്കെണി എന്ന ആരോപണം ഉപേക്ഷിച്ചതുപോലെ ഇതും മാറ്റി പറയേണ്ടിവരും.

സംസ്ഥാന സർക്കാർ കടം വർദ്ധിപ്പിച്ചതുകൊണ്ടോ നികുതി വരുമാന പിരിവിൽ അലംഭാവം കാണിച്ചതുകൊണ്ടോ അല്ല ഇപ്പോൾ സാമ്പത്തിക ഞെരുക്കം ഉണ്ടായത്. കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ അടിക്കടി ഉണ്ടാകുന്ന പ്രതികൂല മാറ്റങ്ങളാണ് ഇതിനു കാരണം. 15-ാം ധനകാര്യ കമ്മീഷൻ നിശ്ചയിച്ച സംസ്ഥാനങ്ങളുടെ വായ്പാ പരിധി (ധനകമ്മി) 2021-22 ൽ 4 ശതമാനമായിരുന്നു. 2022-23 ൽ 3.5 ശതമാനമായിരുന്നു. 2023-24, 2024-25, 2025-26 വർഷങ്ങളിൽ 3 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്. 2021-22 ലെ കണക്കുകൾ പ്രകാരം കേരളത്തിന്റെ ധനകമ്മി 4.11 ശതമാനമാണ്. 2022-23 ലെ പുതുക്കിയ

കണക്കുകൾ പ്രകാരം കേരളത്തിന്റെ ധനകമ്മി 3.61 ശതമാനമാണ്. ധനകാര്യകമ്മീഷൻ നിശ്ചയിച്ച മേൽപറഞ്ഞ പരിധിയിൽ വൈദ്യുതി മേഖലയിലെ പരിഷ്‌കരണങ്ങൾക്കായി ലഭിക്കുന്ന 0.5 ശതമാനം ഉൾപ്പെടുന്നില്ല. കേന്ദ്ര ധനമന്ത്രാലയം ഈ വാർഷിക വായ്പാ പരിധി അഥവാ ധനകമ്മി പരിധിയിൽ യുക്തിരഹിതമായി വെട്ടിക്കുറവ് വരുത്തുകയാണ്. നിയമപരമായി പ്രത്യേക നിലനിൽപ്പുള്ള കിഫ്ബി പോലുള്ള സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ വായ്പയാണെന്ന് പ്രഖ്യാപിച്ചു. അങ്ങനെ 3.5 ശതമാനം വായ്പാ പരിധി വീണ്ടും വെട്ടിക്കുറയ്ക്കുന്നു. അതിലൂടെ സംസ്ഥാനത്തിന്റെ വരവ് – ചെലവ് അനുമാനങ്ങളെ താളം തെറ്റിക്കാനും സാമ്പത്തിക സ്തംഭനാവസ്ഥ സൃഷ്ടിക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യമന്ത്രി എന്നിവർക്ക് വിശദമായ മെമ്മോറാണ്ടം സംസ്ഥാന സർക്കാർ അയച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ശക്തമായ അഭിപ്രായ രൂപീകരണം നടത്താൻ സംസ്ഥാന സർക്കാർ നടപടികളെടുക്കുന്നുണ്ട്. കേന്ദ്രത്തിന്റെ ഇത്തരം നടപടികളാണ് ധനഞെരുക്കമുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ റവന്യൂ ചെലവുകളിൽ ഗണ്യമായ ഒരു ഭാഗം വികസന ചെലവുകളാണ്. വിദ്യാഭ്യാസ, ആരോഗ്യ, കൃഷി, ഗ്രാമവികസന, ജലസേചന മേഖലകളിൽ ചെലവഴിക്കുന്ന തുക. ഇവയെല്ലാം സാമ്പത്തിക വളർച്ചയെ സഹായിക്കുന്നതുമാണ്. വികസന ചെലവ് ധൂർത്തല്ല. ശമ്പളവും പെൻഷനും നൽകാൻ കടമെടുക്കുന്നു എന്നാണ് വലിയ പ്രചാരണം. സംസ്ഥാന സർക്കാരിന്റെ ബജറ്റ് രേഖകളുടെ ഭാഗമായ ‘ബജറ്റ് ഇൻ ബ്രീഫി’ലെ പട്ടിക എ (10)ൽ കണക്കുകൾ വിശദമായി പറയുന്നുണ്ട്. ശമ്പളവും പെൻഷനും 2021-22 ൽ സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിൻറെ 61.21 ശതമാനമായിരുന്നു. 2022-23 ലെ പുതുക്കിയ കണക്കുകൾ പ്രകാരം ഇത് 50.34 ശതമാനമായി കുറഞ്ഞു. 2023-24 ലെ ബജറ്റ് കണക്കുകൾ പ്രകാരം ഇത് 50.42

ശതമാനമാണ്. മൊത്തം റവന്യൂ ചെലവിന്റെ അനുപാതത്തിൽ ഇതേ കാലയളവിൽ ശമ്പളവും പെൻഷനും 48.84, 43.62, 42.85 ശതമാനമാണ്. ഇതിന്റെ ഗണ്യമായ ഒരു ഭാഗമാകട്ടെ വികസന ചെലവുമാണ്. റവന്യൂ വരുമാനത്തിൽ നിന്നുതന്നെ ശമ്പളവും പെൻഷനും പലിശയും നൽകുന്നുണ്ട്. ഈ കണക്കുകൾ വ്യക്തമാകുമ്പോൾ, ശമ്പളവും പെൻഷനും നൽകാൻ കടം വാങ്ങുന്നു എന്ന പ്രചാരണത്തിന് ഒരടിസ്ഥാനവുമില്ല.

കിഫ്ബിയ്ക്കു ഖജനാവിൽ നിന്നുള്ള നികുതി വിഹിതം ഉറപ്പാക്കുക വഴി കിഫ്ബി വഴിയുള്ള വികസന പ്രവർത്തനങ്ങൾ തുടരും എന്നാണ് ബജറ്റ് പ്രസംഗത്തിന്റെ സ്പിരിറ്റ്. കിഫ്ബിക്ക് പണം വകയിരുത്തിയില്ല എന്നാണ് ചിലരുടെ കോലാഹലം. ഡീറ്റൈൽഡ് ബജറ്റ് എസ്റ്റിമേറ്റ്സ് രണ്ടാം വോള്യം നോക്കിയാൽ കാര്യം മനസ്സിലാകും. സംസ്ഥാനത്തിന് മുന്നോട്ടു പോകണമെങ്കിൽ ചില നികുതി പരിഷ്‌കരണങ്ങൾ അനിവാര്യമാണ്. ഇപ്പോഴും സർക്കാർ അതേ ചെയ്തിട്ടുള്ളൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Author