മെഡിസിന്‍ പഠിച്ചിറങ്ങിയാല്‍ ഉടന്‍ ഡോക്ടറാകാം, എന്‍ജിനീയറിംഗ് അങ്ങനെയല്ല! എന്താ കാരണം? ചോദ്യം മുഖ്യമന്ത്രിയോട്

Spread the love

പ്രൊഫഷണൽ സ്റ്റുഡന്റ്സ് ഉച്ചകോടിയിൽ വിദ്യാർഥികളുമായി സംവദിച്ച്  മുഖ്യമന്ത്രി

മെഡിസിന്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് ഉടന്‍ ഡോക്ടറാകാം. പക്ഷേ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് പഠന ശേഷം ഉടന്‍ എന്‍ജിനീയറായി ജോലി ചെയ്യാനാകുന്നില്ല. എന്താണിതിന് കാരണം? വടകര എന്‍ജിനീയറിംഗ് കോളേജിലെ എ.കെ. അഭിഷേകിന്റെ ചോദ്യം മുഖ്യമന്ത്രി പിണറായി വിജയനോട്. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഉച്ച കോടിയുടെ ഭാഗമായി വിദ്യാര്‍ഥികളുമായി മുഖ്യമന്ത്രി നടത്തിയ സംവാദത്തിന് തുടക്കമിട്ടായിരുന്നു ചോദ്യം.

കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിജ്ഞാനം ഇല്ലായിരുന്നുവെന്നാണ് ഇവിടെ റിക്രൂട്ട്‌മെന്റ് നടത്താനെത്തിയ കമ്പനി സൂചിപ്പിച്ചതെന്ന് മുഖ്യമന്ത്രി. മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഇക്കാര്യത്തില്‍ മുന്നിലായിരുന്നു. ഈ പ്രശ്‌നത്തിനുള്ള പരിഹാര നടപടികളും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി പാഠ്യപദ്ധതിയിലും സിലബസിലും മൂല്യനിര്‍ണ്ണയത്തിലും ആവശ്യമായ തിരുത്തലുകള്‍ വരുത്തണം. ഉന്നത വിദ്യാഭ്യാസ മേഖലയെ മികവിലേക്ക് നയിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി കേരള ഹയര്‍ എജ്യുക്കേഷന്‍ കരിക്കുലം 2023 തയാറാക്കിയിട്ടുണ്ട്. ഓരോ വിഷയത്തിലും അക്കാദമിക് മികവ് ഉയര്‍ത്തുന്നതിനാണ് ശ്രമം. എന്‍ജിനീയറിംഗ് വിഷയത്തിലുള്‍പ്പടെ പ്രായോഗിക പരിശീലനം ആവശ്യമുള്ള കോഴ്‌സുകള്‍ക്ക് നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കി മികച്ച ഇന്റേണ്‍ഷിപ്പ് സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതത് മേഖലകളിലെ സംരംഭങ്ങളുമായും വ്യവസായ യൂണിറ്റുകളുമായും സഹകരിച്ചാണ് പ്രായോഗിക പരിശീലനത്തിനുള്ള അവസരമൊരുക്കുക. അതോടൊപ്പം ക്യാമ്പസിലും ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. ഇതിനാവശ്യമായ സൗകര്യങ്ങളെക്കുറിച്ചുള്ള മാര്‍ഗരേഖ ഉടന്‍ വികസിപ്പിക്കും. സാക് പരിശോധനയില്‍ ഇന്‍ക്യുബേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തും. ആദ്യഘട്ടത്തില്‍ എല്ലാ സര്‍വകലാശാലകളിലുമാണ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ ആരംഭിക്കുക. തിരഞ്ഞെടുക്കപ്പെട്ട സര്‍വകലാശാലകളില്‍ ഐഐടി മദ്രാസിന്റെ സഹകരണത്തോടെ ട്രാന്‍സ്ലേഷണല്‍ ലാബുകളും സ്ഥാപിക്കും. ഇവയെല്ലാം ഫലപ്രദമായി വിദ്യാര്‍ഥികളും അധ്യാപകരും പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ചോദ്യങ്ങളുന്നയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

.

Author