ഔഷധി ഉത്പന്നങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്യുന്നതിന് നടപടിയെടുക്കും: മന്ത്രി ജി ആർ അനിൽ

Spread the love

മരുന്നിനായി ഔഷധിയിൽ ആമ്പൽകൃഷിക്ക് തുടക്കം.

ഔഷധിയുടെ ഉത്പന്നങ്ങൾ സപ്ലൈകോ ഔട്‍ലെറ്റുകൾ വഴി വിതരണം ചെയ്യുന്നതിന് നടപടിയെടുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഇതിനുമുന്നോടിയായി ഏതെല്ലാം ഉത്പന്നങ്ങളാണ് വിതരണം ചെയ്യാനാവുക എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. മുപ്പതോളം മരുന്നുകളുടെ നിർമ്മാണത്തിനാവശ്യമായി വരുന്ന ആമ്പൽ കിഴങ്ങ് ലഭ്യമാക്കുന്ന പദ്ധതി കുട്ടനെല്ലൂർ ഔഷധിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഗ്രാമീണ മേഖലയിൽ 1000 റേഷൻ കടകൾ വിവിധ സേവനങ്ങൾ നൽകുന്ന കേരള സ്റ്റോർ ആക്കി മാറ്റും. ആദ്യഘട്ടമെന്ന നിലയിൽ എല്ലാ ജില്ലയിലും അഞ്ച് റേഷൻകടകൾ തെരഞ്ഞെടുത്ത് കേരള സ്റ്റോർ ആക്കും. അക്ഷയ കേന്ദ്രം, ഗ്യാസ് ഏജൻസി, എടിഎം, സപ്ലൈകോ, മിൽമ, ഔഷധി തുടങ്ങിയവയിലെ സേവനങ്ങളും ഉത്പന്നങ്ങളും റേഷൻ കടകൾ വഴി ലഭ്യമാക്കണമെന്നാണ് സർക്കാർ നിലപാട്. സഞ്ചരിക്കുന്ന റേഷൻകടകൾ വഴി ആദിവാസി ഊരുകളിൽ മാസത്തിൽ രണ്ടുതവണ ഭക്ഷ്യവസ്തുക്കൾ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഔഷധി നിർമ്മിക്കുന്ന ആയുർവേദ മരുന്നുകളുടെ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ പരമാവധി സ്വന്തം നിലയിൽ വളർത്തിയെടുത്ത് സ്വയം പര്യാപ്തത നേടുകയാണ് ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് വിവിധ മരുന്നുകളുടെ നിർമ്മാണത്തിനാവശ്യമായി വരുന്ന ആമ്പൽ കിഴങ്ങ് ലഭ്യമാക്കുന്നതിനായി ആമ്പൽക്കൃഷി ആരംഭിച്ചതെന്നും അവർ പറഞ്ഞു.

തൃശ്ശൂർ കോർപ്പറേഷൻ കൗൺസലർ ശ്യാമള വേണുഗോപാലൻ, ഔഷധി ഭരണ സമിതി അംഗങ്ങളായ കെ എഫ് ഡേവിസ്, ടി വി ബാലൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഔഷധി ഫിനാൻസ് കൺട്രോളർ ലതാകുമാരി സ്വാഗതവും മാർക്കറ്റിംഗ് മാനേജർ ഷിബു നന്ദിയും പറഞ്ഞു.

 

Author