യുകെയില്‍ നിന്നുള്ള ആരോഗ്യ സംഘം മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി

Spread the love

കേരളത്തിന്റെ ആരോഗ്യ മേഖലയെ പ്രശംസിച്ച് യുകെ സംഘം

യുകെയില്‍ നിന്നുള്ള ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടിലേയും വെസ്റ്റ് യോര്‍ക്ക്ഷയര്‍ എന്‍.എച്ച്.എസ്. ട്രസ്റ്റിലേയും ആരോഗ്യ സംഘം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാര്‍ അടുത്തിടെ യുകെ സന്ദര്‍ശിച്ചിരുന്നു. കേരളത്തിലെ മെഡിക്കല്‍, നഴ്സിംഗ് മേഖലയെപ്പറ്റിയും മാനസികാരോഗ്യ രംഗത്തെപ്പറ്റിയും കൂടുതലറിയുന്നതിനായാണ് സംഘം കേരളത്തിലെത്തിയത്.

കേരളത്തിന്റെ ആരോഗ്യ മേഖലയെ സംഘാംഗങ്ങള്‍ പ്രശംസിച്ചു. ധാരാളം നഴ്‌സുമാര്‍ യുകെയിലെ വിവിധ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. അവരുടെ ചികിത്സയും പരിചരണവും ലോകോത്തരമാണ്. യുകെയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പഠിക്കാനും ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ പഠിക്കാനുമുള്ള സാധ്യതയാരാഞ്ഞു. ഇനിയും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ആവശ്യമാണ്. എല്ലാവിധ പിന്തുണയും മന്ത്രി സംഘത്തിന് നല്‍കി. യുകെ സംഘം തിരുവനന്തപുരം നഴ്‌സിംഗ് കോളേജ് സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജും സന്ദര്‍ശിക്കും.

വെസ്റ്റ് യോര്‍ക്ക്ഷയര്‍ ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് റോബ് വെബ്സ്റ്റര്‍, നഴ്‌സിംഗ് ഡയറക്ടര്‍ ബെവര്‍ലി ഗിയറി, അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് വര്‍ക്ക്‌ഫോഴ്‌സ് ജോനാഥന്‍ ബ്രൗണ്‍, ഇംഗ്ലണ്ട് എന്‍എച്ച്എസ് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഗ്ലോബല്‍ ഹെല്‍ത്ത് പാര്‍ട്ണര്‍ഷിപ്പ് ഡയറക്ടര്‍ പ്രൊഫ. ഗെഡ് ബൈര്‍ണ്, ഗ്ലോബല്‍ ഹെല്‍ത്ത് പാര്‍ട്ണര്‍ഷിപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റേച്ചല്‍ മോനാഗന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒഡെപെക് ചെയര്‍മാന്‍ കെ.പി. അനില്‍കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ കെ.എ. അനൂപ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Author