ജനങ്ങളെ ഭയന്ന് മുഖ്യമന്ത്രി എത്ര നാള്‍ ഇങ്ങനെ ഓടും? – രമേശ് ചെന്നിത്തല

Spread the love

ജനങ്ങളെ വെല്ലുവിളിച്ച ഒരു ഭരണാധികാരിയും വിജയിച്ച ചരിത്രമില്ല.

തിരു : ഊരി പിടിച്ച വാളിനിടയിലൂടെ നിര്‍ഭയനായി നടന്നു എന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു സ്വന്തം നാട്ടിലെ ജനങ്ങളെ
ഭയന്നു ഓടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു രൂക്ഷമായ വിലക്കയറ്റം കൊണ്ടും സര്‍വ്വത്ര മേഖലയിലും ഏര്‍പെടുത്തിയ നികുതി ഭാരം കൊണ്ടും പൊറുതി മുട്ടിയ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഭയമായി തുടങ്ങി.

തമ്പ്രാന്‍ എഴെന്നെള്ളുമ്പോള്‍ വഴി മദ്ധ്യേ അടിയാന്മാര്‍ പാടില്ല എന്ന പോലെയാണ് ഇന്നലത്തെ കാലടിയിലെ സംഭവം, 104 ഡിഗ്രി പനിയുള്ള കുഞ്ഞിനു മരുന്നു വാങ്ങാനെത്തിയ അച്ഛനു നേരെ ആക്രോശിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍, മരുന്ന് കൊടുത്ത മെഡിക്കല്‍ ഷോപ്പ് ഉടമയെ ഭീഷണിപ്പെടുത്തി ഷോപ്പ് പൂട്ടിക്കുമെന്ന് പറയുന്നത് എന്തു ജനാധിപത്യമാണ്. മുഖ്യമന്ത്രിക്കെതിരെ സമര രംഗത്തുളള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വനിത നേതാവിനെ പരസ്യമായി വലിച്ചിഴച്ച് മര്‍ദ്ദിക്കാനൊരുങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ഇതുവരെ നടപടിയില്ല , ഇവരാണ് സ്ത്രീ സുരക്ഷയെ പറ്റി ഗീര്‍വാണം പ്രസംഗിക്കുന്നത്.
സമരം ചെയ്യുന്നവരെ കരുതല്‍ തടങ്കലിലാക്കിയാല്‍ എല്ലാം ശുഭമാകും എന്ന് കരുതുന്ന മുഖ്യമന്ത്രി വെറുതെ ദിവാസ്വപ്നം കണ്ട് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. യൂ.ഡി.എഫ് സമരത്തെ പരിഹസിക്കുന്ന മുഖ്യമന്ത്രിയോട് ഒറ്റ കാര്യമേ പറയാനുള്ളു ജനങ്ങളെ വെല്ലുവിളിച്ച ഒരു ഭരണാധികാരിയും വിജയിച്ച ചരിത്രമില്ല, എത്ര സുരക്ഷ വര്‍ദ്ധിപ്പിച്ചാലും സമരാവേശത്തെ മറികടക്കാനാവില്ല. ഇനിയങ്ങോട്ട് ശക്തമായ സമരത്തെയാണ് മുഖ്യമന്ത്രിക്ക് നേരിടേണ്ടി വരികയെന്ന് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി

Author