കോട്ടയം രാജ്യാന്തര ചലച്ചിത്രമേള; വിദ്യാർഥികളുമായും അധ്യാപകരുമായും സംവദിച്ച് ചലച്ചിത്ര പ്രവർത്തകർ

Spread the love

കോട്ടയം: ഫെബ്രുവരി 24 മുതൽ 28 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ജില്ലയിലെ കോളജ് കാമ്പസുകളിൽ ചലച്ചിത്ര പ്രവർത്തകരുടെ സംഘം സന്ദർശിച്ചു. വിദ്യാർഥികളുമായി അധ്യാപകരുമായും സംവദിച്ചു. മേളയുടെ കൺവീനറും ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവും സംവിധായകനുമായ പ്രദീപ് നായർ, ദേശീയ ചലച്ചിത്രപുരസ്‌കാര ജേതാവായ ഛായാഗ്രാഹകൻ നിഖിൽ എസ്. പ്രവീൺ, ചലച്ചിത്രപ്രവർത്തകരായ അമിത് പി. മാത്യു, രാഹുൽ രാജ് എന്നിവരടങ്ങിയ സംഘമാണ് കാമ്പസുകളിലെത്തിയത്. അരുവിത്തുറ സെന്റ് ജോർജ്ജ്സ്, ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എൻജിനീയറിംഗ് കോളജ്, പാലാ അൽഫോൺസ, സെന്റ് തോമസ്, രാമപുരം മാർ അഗസ്തിനോസ്, ചേർപ്പുങ്കൽ ബി.വി.എം. ഹോളിക്രോസ്, മംഗളം കോളജുകളിലാണ് ആദ്യദിനം സന്ദർശിച്ച് വിദ്യാർഥികളുമായി അധ്യാപകരുമായും സംവദിച്ചത്. വിദ്യാർഥികളിൽ ചലച്ചിത്ര മേളയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുക, ചലച്ചിത്രമേഖലയിലേക്ക് പുതുതലമുറയെ കൊണ്ടുവരിക എന്നിവയാണ് ലക്ഷ്യമെന്ന് സംവിധായകൻ പ്രദീപ് നായർ പറഞ്ഞു. പ്രശസ്ത ചലച്ചിത്ര പ്രവർത്തകരുടെ സംഘം ഇന്നും(വെള്ളിയാഴ്ച) വിവിധ കോളജുകൾ സന്ദർശിക്കും.

അനശ്വര, ആഷ തിയറ്ററുകളിലും സി.എം.എസ്. കോളജ് തീയറ്ററിലുമായി അഞ്ചു ദിവസമായി നടക്കുന്ന ചലച്ചിത്ര മേളയിൽ ലോക, ഇന്ത്യൻ, മലയാളം സിനിമ വിഭാഗങ്ങളിലായി 40 സിനിമകൾ പ്രദർശിപ്പിക്കും. കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.
കോട്ടയം അനശ്വര തീയറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിലൂടെ ഓഫ്ലൈനായി രജിസ്റ്റർ ചെയ്യാം. രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് കൗണ്ടർ പ്രവർത്തിക്കുക. പാസ്പോർട്ട് സൈസ് ഫോട്ടോയും ഫീസും സഹിതം എത്തി രജിസ്റ്റർ ചെയ്യാം. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർഥികൾക്ക് കൺസഷൻ നിരക്കിൽ 150 രൂപയുമാണ് ഫീസ്. ഓൺലൈൻ https://registration.iffk.in/ എന്ന ലിങ്ക് വഴി ഓൺലൈനായും രജിസ്റ്റർ ചെയ്യാം.

 

Author