സംസ്കൃതസർവ്വകലാശാലയിൽ സപ്തദിന ദേശീയ ശില്പശാല സമാപിച്ചു.
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെ സംസ്കൃതം വേദാന്തവിഭാഗം സംഘടിപ്പിച്ച സപ്തദിന ദേശീയ ശില്പശാല കാലടി മുഖ്യ ക്യാമ്പസിൽ സമാപിച്ചു. ‘കമന്ററീസ് ഓൺ യോഗസൂത്രാസ് – വ്യാസഭാഷ്യ’ എന്ന വിഷയത്തിൽ നടന്ന ശില്പശാലയുടെ സമാപന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണന്‍ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സംസ്കൃതം വേദാന്തവിഭാഗം തലവൻ ഡോ. എം. എസ്. മുരളീധരൻപിള്ള അധ്യക്ഷനായിരുന്നു. ഡോ. എസ്. ഷീബ, ഡോ. വി. വസന്തകുമാരി എന്നിവർ പ്രസംഗിച്ചു. ഡോ. കെ.എസ്. മഹേശ്വരൻ, ഡോ. പുഷ്കർ ദേവപൂജാരി, കാർത്തിക് ശർമ്മ എന്നിവർ ശില്പശാലയിൽ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സർവ്വകലാശാല പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണൻ ക്യാഷ് അവാർഡും പുരസ്കാരങ്ങളും നല്കി ആദരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്ഃ ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെ സംസ്കൃതം വേദാന്തവിഭാഗം സംഘടിപ്പിച്ച സപ്തദിന ദേശീയ ശില്പശാലയുടെ സമാപന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണന്‍ മുഖ്യപ്രഭാഷണം നിർവ്വഹിക്കുന്നു.
(2) ഇന്റർനാഷണൽ ഓൺലൈൻ സെമിനാർ മാർച്ച് ഒന്നിന്
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെ സെന്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ്, കാലടി എസ്.എൻ.ഡി.പി. പബ്ലിക് ലൈബ്രറിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഓൺലൈൻ സെമിനാർ മാർച്ച് ഒന്നിന് വൈകിട്ട് ആറിന് നടക്കുമെന്ന് സെമിനാർ കോ-ഓർഡിനേറ്റർ ഡോ. അജയ് എസ്. ശേഖർ അറിയിച്ചു. ന്യൂഡൽഹിയിലുള്ള ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ പ്രൊഫസർ ഡോ. വൈ.എസ്. എലോൺ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ‘നവബൗദ്ധ ദൃശ്യസംസ്കാരത്തിലെ ലാവണ്യശാസ്ത്രവും രാഷ്ട്രീയവും’ എന്നതാണ് സെമിനാറിന്റെ വിഷയം.