അടഞ്ഞുകിടക്കുന്ന വീടുകൾക്ക് എന്തിനാണ് നികുതി ഏർപ്പെടുത്തുന്നത്? – ജെയിംസ് കൂടൽ (ചെയർ മാൻ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യൂ എസ് എ)

Spread the love

അടഞ്ഞുകിടക്കുന്ന വീടുകൾ നമുക്ക് ബാദ്ധ്യതയാകുമോ?, സംസ്ഥാന ബഡ്ജറ്റിലെ പരാമർശം കേരളത്തിൽ സ്വന്തമായി വീടുള്ള ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുമെന്നാണ് സംസ്ഥാന ബഡ്ജറ്റിൽ പറയുന്നത്. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ സ്ഥലംമാറ്റത്തിനിടെയിലോ ജോലി മാറ്റത്തിനിടയിലോ വീടുമാറി താമസിക്കേണ്ടി വന്നാൽ മലയാളി അനുഭവിക്കേണ്ടിവരുമെന്നാണ് ബഡ്ജറ്റ് പറഞ്ഞുവയ്ക്കുന്നത്. അടഞ്ഞുകിടക്കുന്ന വീടുകൾക്കും ഫ്‌ളാറ്റുകൾക്കും നികുതി നൽകേണ്ടി വരുമെന്ന് വിവരം ഏറെ ഞെട്ടിക്കുന്നത് പ്രവാസികളെയാണ്. പാർപ്പിടമേഖലയിൽ നമുടെ നാട്ടിൽ അസമത്വം വളർന്നുവരുന്നിന്റെ സൂചനയാണിത്. ജീവിതകാലം മുഴുവൻ അന്യരാജ്യങ്ങളിൽ അദ്ധ്വാനിച്ച് കിടപ്പാടം ഒരുക്കുന്നവരെ വീണ്ടും കൊളളയടിക്കുന്ന നയമായി മാത്രമേ ഇതിനെ കാണാനാകൂ. 2011ലെ സെൻസസ് പ്രകാരം 1.19 ദശലക്ഷം വീടുകൾ കേരളത്തിൽ അടഞ്ഞുകിടക്കുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ കണക്കുകകൾ ഇരട്ടിയിലധികം വർദ്ധിച്ചുവെന്ന് വേണം കരുതാൻ. കേരളത്തിലെ 14 ശതമാനം വീടുകൾ പൂട്ടിക്കിടക്കുന്നു എന്നൊരു സർവേഫലം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 3000 ചതുരശ്രയടിക്ക് മുകളിലുള്ള ആഡംബരവീടുകളാണ് ഒഴിഞ്ഞുകിടക്കുന്നതിൽ ഏറെയെന്നും കണ്ടെത്തിയിരുന്നു. കുടുംബമാകെ മറ്റുരാജ്യങ്ങളിൽ താമസമാക്കിയ മലയാളികളുടെ വീടാണ് പൂട്ടിക്കിടുക്കുന്നതിൽ ഏറെയെന്നതും ശ്രദ്ധയമാണ്. അണുകുടുംബങ്ങൾ ആണെങ്കിലും വീടെന്ന മലയാളിയുടെ ഭ്രമം ആഡംബര സൗധങ്ങളിലേക്ക് ചുവടുവയ്ക്കുകയാണ്. വലിയ വീടും വലിയ സൗകര്യവുമെന്ന മലയാളിയുടെ സ്വപ്‌നത്തെ ചൂഷണം ചെയ്യാനാണ് രണ്ടാം പിണറായി സർക്കാർ കച്ചകെട്ടുന്നത് എന്ന് വേണം കരുതാൻ. ധനമന്ത്രി കെ.പി.ബാലഗോപാൽ വെറുതെ പറഞ്ഞുവച്ചതാണ് വീടുകളുടെ കാര്യമെന്ന് തള്ളികളയാനാവില്ല. ദീർഘ വീക്ഷത്തോടെയുള്ള കൊള്ളയാണ് അദ്ദേഹം ലക്ഷ്യവയ്ക്കുന്നത്. മദ്ധ്യതിരുവിതാംകൂറിലാണ് വലിയ വീടുകളും അടഞ്ഞുകിടക്കുന്ന വീടുകളും ഏറെയുള്ളത്. പുതിയ നികുതിയിലൂടെ പ്രവാസി മലയാളികളെ പിഴിയുക എന്ന ഗൂഢതന്ത്രം ഇവിടെ പ്രയോഗിക്കപ്പെടുന്നു. രണ്ടു ലോകകേരള സഭയിലൂടെ പ്രവാസി മലയാളിയെ പ്രബുദ്ധരാക്കുമെന്ന് വീമ്പിളക്കിയവർ ഇപ്പോൾ കടയ്ക്കൽ കത്തിവയ്ക്കുന്നത് അനുവഭിച്ച് അറിയേണ്ടിയിരിക്കുന്നു. പ്രവാസിമലയാളിയെ ഏറെ ബാധിക്കുന്ന വിഷയമായിട്ടും ലോകകേരള സഭയിലൊന്നും പുതിയ നികുതി ചർച്ചയാകാത്തതിലും ദുരൂഹതയുണ്ട്. സംശയത്തോടെ മാത്രമേ പ്രവാസലോകത്തിന് ഈ നടപടി നോക്കികാണാനാകൂ.

മെട്രോ നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ നിരവധി ഫ്‌ളാറ്റുകൾ പൂട്ടിക്കിടപ്പുണ്ട്. ഇവയിലേറെയും സമ്പന്ന പ്രവാസികളുടെും ബിസിനസുകാരുടെയും ഉടമസ്ഥതയിലുമാണ്. പലരും ബാങ്ക് ലോണുകളും മറ്റ് സാമ്പത്തിക ഇടപാടുകളും നടത്തിയാണ് താമസിക്കാൻ സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. ജോലി സംബന്ധമായി അവിടെ താമസിക്കാൻ കഴിയാതെ വരുമ്പോൾ ആണ് അവ പൂട്ടിയിടാൻ നിർബന്ധിതരാകുന്നത്. ഈ അവസ്ഥയെ ചൂഷണം ചെയ്യാൻ ഒരു ഭരണകൂടം ശ്രമിക്കുന്നത് ഒരിക്കലും അംഗകരിക്കാൻ കഴിയില്ല.

നികുതി വരുമാനം വർദ്ധിപ്പിക്കുമ്പോൾ വീടുപണിയാൻ ആഗ്രഹിക്കുന്നവർ പിൻവാങ്ങിയേക്കാം. പലരും കേരളത്തിൽ വീടെന്ന സ്വപ്‌നം മറക്കാനും ഇത് വഴിയൊരുക്കും. യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറിയവർ നാട്ടിലേക്ക് തിരികെ വരാൻ മടിക്കുന്ന അവസ്ഥ സംജാതമാകും. ഭാവിയിൽ കേരളം ആളൊഴിഞ്ഞ തുരുത്തായി മാറിയേക്കാം. വീട് പണിയാൻ ജനം മടിച്ചാൽ പ്രത്യേകിച്ച് പ്രവാസി മടിച്ചാൽ നിർമ്മാണ മേഖല പ്രതിസന്ധിയിലുമാകും. നിരവധി ആളുകളുടെ തൊഴിലിനെ ബാധിക്കും. വരുമാനം നഷ്ടമാകും. പ്രതിസന്ധിയുടെ കാലത്തേക്ക് നാം എടുത്തെറിയപ്പെട്ടേക്കാം. ജനത്തിന് വരുമാനം ഇല്ലാതെയാൽ അത് സർവമേഖലയെയും ബാധിക്കും. ഇന്ധനസെസിൽ പൊറുതിമുട്ടിയ ജനം ജീവിക്കാൻ കഴിയാത്ത അവസ്ഥയിൽ ഭരണാധികാരികളെ വഴിയിൽ തടഞ്ഞേക്കാം. അക്രമങ്ങളും അനീതികളും പെരുകി നാട് അരാജകത്വത്തിന് വഴിപ്പെടും. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധയോടും വീണ്ടുവിചാരത്തിലും മാത്രം കൈകാര്യം ചെയ്യേണ്ട കാര്യത്തിൽ ധനമന്ത്രി നടത്തുന്ന പ്രസ്താവനകൾ നാടിനെ കൂടുതൽ കലുഷിതമാക്കുകയെ ഉള്ളു. പിരിഞ്ഞുകിട്ടാൻ ഏറെ നികുതികൾ ഉളളപ്പോൾ അതിനൊന്നും ശ്രമിക്കാതെ പ്രവാസികളെ ഞെക്കിപ്പിഴിയുന്ന നയങ്ങൾ പിൻതുടരുന്ന സർക്കാർ പ്രവാസിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിമുഴക്കുകയാണ്.

 

Author