മുൻഗണനാ റേഷൻ കാർഡിൽ നിന്ന് അതിദാരിദ്ര്യ കുടുംബങ്ങൾ ഒഴിവായിട്ടുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

Spread the love

നൂറ് ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി 50,461 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു.

*1067 അതിദാരിദ്ര കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡ്
അതിദാരിദ്ര്യ കുടുംബങ്ങളിൽ മുൻഗണനാ റേഷൻ കാർഡുകൾ ലഭിക്കാതെ പോയവരുണ്ടെങ്കിൽ അക്കാര്യം അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഉടൻ ശ്രദ്ധയിൽപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഇക്കാര്യം സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയാൽ ഉടൻ തന്നെ ആ കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡ് വിതരണം ചെയ്യുന്നതായിരിക്കും. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം,’ മന്ത്രിസഭയുടെ മൂന്നാമത് നൂറു ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി അരലക്ഷം മുൻഗണനാ കാർഡുകൾ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2,89,860 മുൻഗണനാ കാർഡുകൾ ഈ സർക്കാറിന്റെ കാലത്ത് ഇതുവരെ വിതരണം ചെയ്തതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനർഹർ കൈവശം വെച്ച ഒന്നേമുക്കാൽ ലക്ഷം കാർഡുകൾ സറണ്ടർ ചെയ്യുകയുണ്ടായി. പിഴയോ ശിക്ഷയോ ചുമത്താതെ തന്നെയാണ് അനർഹർ അവർ കൈവശം വെച്ചിരുന്ന മുൻഗണനാ കാർഡുകൾ തിരികെ ഏൽപ്പിച്ചത്. ഈ കാർഡുകൾ അർഹരായവർക്ക് കൈമാറി. ഇതിനുപുറമേ 3,34,431 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്യാൻ സാധിച്ചു. ഇതൊക്കെ പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തി ഭക്ഷ്യഭദ്രതയിലേക്ക് നാടിനെ നയിക്കാൻ സഹായിക്കുന്ന നടപടികളാണ്, മുഖ്യമന്ത്രി വ്യക്തമാക്കി.

Author