പോലീസ് ക്രൂരത : യുഡിഎഫ് നേതാക്കളും തെരുവിലിറങ്ങുമെന്ന് എംഎം ഹസന്‍

Spread the love

നികുതി ഭീകരതയ്‌ക്കെതിരേ പ്രക്ഷോഭം നയിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരുടരെയും യൂത്ത് ലീഗ് പ്രവര്‍ത്തകരുടെയും നേരേ ഇനി കയ്യോങ്ങിയാല്‍ യുഡിഎഫ് നേതാക്കളടക്കം തെരുവിലിറങ്ങുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. യുഡിഎഫിലെ കുട്ടികളെ ഇനിയും തല്ലിയാല്‍ ഞങ്ങള്‍ കയ്യുംകെട്ടിയിരിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ഇന്ദിരാഭവനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചുവപ്പുകണ്ടാല്‍ വിരണ്ടോടുന്ന കാളയെപ്പോലെ മുഖ്യമന്ത്രി കറുപ്പ്കണ്ട് വെറളിപിടിച്ചു. കറുത്ത കാറില്‍ കരിമ്പൂച്ചകളുടെ അകമ്പടിയോടെ ചീറിപ്പായുന്ന മുഖ്യമന്ത്രിക്ക് മറ്റെവിടെ കറുപ്പ് കണ്ടാലും ഹാലിളകും. മരുമകന്‍ കറുത്ത ഷര്‍ട്ടിട്ട് മുഖ്യമന്ത്രിയോടൊപ്പം പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ വെട്ടിലായത്

പോലീസുകരാണ്. മുന്‍ സിപിഎം എംഎല്‍എ സിപി കുഞ്ഞ് അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ വച്ച കറുത്ത കൊടിപോലും പോലീസ് ഊരിക്കൊണ്ടുപോയി. ഇരട്ടച്ചങ്കനെന്നും ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നവനും എന്നൊക്കെ ഫാനുകള്‍ വാഴ്ത്തുന്ന പിണറായി വിജയന്‍ കേരളം കണ്ട ഒരേയൊരു പേടിത്തൊണ്ടനായ മുഖ്യമന്ത്രിയാണെന്ന് ഹസന്‍ പറഞ്ഞു.

നികുതി കൊള്ളയ്‌ക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ അഞ്ചിടത്തും യൂത്ത് ലീഗുകാരെ രണ്ടിടത്തും പോലീസ് തല്ലിച്ചതച്ചു. കളമശേരിയില്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് മര്‍ദനമേറ്റു. പോലീസുകാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും മര്‍ദനമേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

സര്‍സിപിയുടെ കാലത്തോ, ബ്രിട്ടീഷ് ഭരണകാലത്തോ കേട്ടുകേഴ്‌വിയില്ലാത്ത രീതിയിലാണ് ഇപ്പോള്‍ പോലീസ് പെരുമാറുന്നത്. മര്‍ദനവീരന്‍ പട്ടമാണ് മുഖ്യമന്ത്രിക്ക് കേരളം നല്കാന്‍ പോകുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഇനിയും കൂട്ടാന്‍ സുരക്ഷാമേല്‍നോട്ടത്തിന് മാത്രമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ നിയമിക്കുകയാണ്. മുഖ്യമന്ത്രിയുടെ റൂട്ട് വയര്‍ലെസിലൂടെ നല്കുന്നതിനു പകരം ഇനി ഫോണിലൂടെ നല്കും. പ്രധാനമന്ത്രിക്കോ നക്‌സല്‍ഭീഷണിയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കോ ഇല്ലാത്ത സുരക്ഷയാണ് പിണറായിക്കുള്ളത്. കേരളത്തില്‍ ഇന്നുവരെ ആക്രമിക്കപ്പെട്ട ഒരേയൊരു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയാണ്, ആക്രമിച്ചത് ഡിവൈഎഫ്‌ഐക്കാരും.

ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജാമ്യം അടിയന്തരമായി റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹര്‍ജി നല്കിയത് തില്ലങ്കേരി വാ തുറക്കുമെന്ന് ഭയന്നാണ്. തില്ലങ്കേരി ഇനി പുറത്തുനിന്നാല്‍ അതു തങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്ന് സിപിഎം ഉന്നതനേതാക്കള്‍ കരുതുന്നു. ഷുഹൈബിനെ കൊല്ലിച്ചത് ആരാണെന്ന് ഇതില്‍നിന്നു വ്യക്തമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നടത്തുന്ന പ്രതിരോധ ജാഥ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ബഹിഷ്‌കരിച്ചത് എന്തിനാണെന്ന് സിപിഎം വ്യക്തമാക്കണം.

ഡല്‍ഹിയില്‍ ജമാഅത്ത് മറ്റ് നിരവധി മുസ്ലീംസംഘടനകള്‍ക്കൊപ്പം ചര്‍ച്ച നടത്തിയതിന് കേരളത്തിലെ യുഡിഎഫിന്റെ മേല്‍ സിപിഎം കുതിരകയറുന്നു. 2016ല്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് കേരളത്തില്‍ ബിജെപി- സിപിഎം ധാരണ ഉരുത്തിരിഞ്ഞത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ധാരണയുടെ അടിസ്ഥാനത്തില്‍ ബിജെപി വോട്ടുമറിച്ചാണ് സിപിഎമ്മിനെ ജയിപ്പിച്ചത്. ഈ ബന്ധം മറയ്ക്കാനാണ് ഡല്‍ഹിയില്‍ നടന്ന ജമാഅത്തെ ചര്‍ച്ചയെ സിപിഎം പൊക്കിപ്പിടിച്ച് നടക്കുന്നതെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

ലോകത്തെ സമ്പന്നന്മാരുടെ പട്ടികയില്‍ 609-ാം സ്ഥാനത്തുണ്ടായിരുന്ന അദാനി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്ന് മോദിയുടെ ഭരണത്തണിലാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയപ്പോള്‍ അത് പാര്‍ലമെന്റിന്റെ രേഖകളില്‍നിന്നു പോലും കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തു. രാജ്യം കണ്ട ഏറ്റവും വലിയ ഈ അഴിമതി പാര്‍ലമെന്റിന്റെ സംയുക്ത സമിതി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

Author