ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീയിട്ടത് കരാറുകാര്‍; സി.പി.എം നേതാക്കളുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ട കോടികളുടെ അഴിമതി ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണം – പ്രതിപക്ഷ നേതാവ്‌

Spread the love

പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് വിഷയത്തെ നിസാരവത്ക്കരിക്കുന്ന മറുപടിയാണ് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് നല്‍കിയത്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് കളക്ടര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സ്‌കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. എന്നിട്ടും ഗൗരവതരമായ ഒരു പ്രശ്‌നങ്ങളും അവിടെ ഇല്ലെന്നാണ് മന്ത്രി പറഞ്ഞത്. എല്ലായിടത്തും വിഷപ്പുകയാണ്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. കരാരുകാരെല്ലാം സി.പി.എം നേതാക്കളുമായി ബന്ധപ്പെട്ടവരും അവരുടെ ബന്ധുക്കളുമാണ്. മാലിന്യം നീക്കം ചെയ്യാന്‍ പണം കൈപ്പറ്റിയ കരാറുകാര്‍ അവിടെ ഒരു പണിയും ചെയ്തില്ല. മാലിന്യങ്ങള്‍ തരംതിരിച്ചിട്ടില്ല. ഇപ്പോള്‍ കരാര്‍ കാലാവധി പുതുക്കേണ്ട സമയമാണ്. അതുകൊണ്ടാണ് മാലിന്യത്തിന് തീയിട്ടത്. എത്ര മാലിന്യം ഉണ്ടെന്നതിന് ഒരു കണക്കുമില്ല. മാലിന്യം കത്തിച്ച കരാറുകാരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം കത്തിച്ചിട്ടും സര്‍ക്കാരും കോര്‍പറേഷനും മിണ്ടാതിരിക്കുകയാണ്. അന്വേഷണത്തെ കുറിച്ചല്ല മന്ത്രി പറയുന്നത്. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നതാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

 

Author