പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം (06/03/2023).
മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നു; സര്‍ക്കാരിനെ ഭരിക്കുന്നത് ഭയം.
മാധ്യമങ്ങള്‍ തെറ്റ് ചെയ്താല്‍ അതിനെ വിമര്‍ശിക്കാനും അതിനെതിരെ പ്രതിഷേധിക്കാനും ക്രിമിനല്‍ കുറ്റം ചെയ്താല്‍ കേസെടുക്കാനും അവകാശമുണ്ട്. പക്ഷെ മാധ്യമങ്ങളെ വേട്ടയാടാനുള്ള അവസരമാക്കി ഈ അവകാശങ്ങളെ സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്. സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ സര്‍ക്കാര്‍ ആരംഭിച്ച കാമ്പയിന്‍ ഏറ്റെടുത്ത മാധ്യമങ്ങള്‍ ലഹരി ഉപയോഗം സംബന്ധിച്ച നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്ത് വിട്ടത്. അതിന്റെ ഭാഗമായാണ് ഏഷ്യാനെറ്റ് ലഹരിക്കെതിരായ പരമ്പര ആരംഭിച്ചത്.
വിവാദമായ വാര്‍ത്ത, ഓഗസ്റ്റ് മാസത്തില്‍ അതേ ശബ്ദത്തില്‍ പുറത്ത് വന്നിരുന്നു. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചിക്കുകയും ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റ് ആരംഭിച്ച ലഹരിക്കെതിരായ പരമ്പരയുടെ ഭാഗമായും ഇതേ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. അതില്‍ ആര്‍ക്കും മനസിലാകാന്‍ പാടില്ലാത്ത തരത്തില്‍ മറ്റൊരു പെണ്‍കുട്ടിയുടെ അവ്യക്തമായ ചിത്രം കാണിച്ചിരുന്നു. ഇതിനെതിരെ പരാതി നല്‍കിയ എം.എല്‍.എ ‘പണി വരുന്നുണ്ട് അവറാച്ചാ’ എന്നൊരു ഫേസ്ബുക്ക് പോസ്റ്റ് ഫെബ്രുവരി 25-ന് ഇട്ടു. ഫെബ്രുവരി അവസാനത്തോടെ നിയമസഭയില്‍ ഇതു സംബന്ധിച്ച് മാര്‍ച്ചിലേക്ക് മൂന്നിന് വരേണ്ടിയിരുന്ന ചോദ്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും സോഷ്യല്‍ മീഡിയയില്‍ വന്നു. മാര്‍ച്ച് രണ്ടിന് കണ്ണൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ത്ഥി ഇ മെയിലില്‍ പരാതി നല്‍കി. നിയമസഭാ ചോദ്യത്തിന് മാര്‍ച്ച് മൂന്നിന് മുഖ്യമന്ത്രി മറുപടി നല്‍കുകയും അന്നു തന്നെ എം.എല്‍.എ ഡി.ജി.പിക്ക് പരാതി നല്‍കുകയും ചെയ്തു. അന്ന് വൈകുന്നേരം എസ്.എഫ്.ഐ ഏഷ്യാനെറ്റ് ഓഫീസില്‍ അക്രമം നടത്തുകയും നാലിന് ഏഷ്യാനെറ്റിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. മൊഴി എടുക്കുക പോലും ചെയ്യാതെ മാര്‍ച്ച് അഞ്ചിന് ജീവനക്കാരെ ബന്ദികളാക്കി ഏഷ്യാനെറ്റ് ഓഫീസ് പൊലീസ് റെയ്ഡ് ചെയ്തു. ഇന്നലെ രാത്രി തന്നെ ഏഷ്യാനെറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വാട്‌സാപ്പില്‍ സമന്‍സും നല്‍കി. ഇതെല്ലാം ആസൂത്രിതമായി ചെയ്തതാണ്. ഏതെങ്കിലും ഒരു പെണ്‍കുട്ടിയുടെ ദൃശ്യം കാണിച്ചുകൊണ്ടാണ് ഈ വാര്‍ത്ത വന്നിരുന്നതെങ്കില്‍ അത് വ്യാജ വാര്‍ത്ത ആയേനെ. പ്രക്ഷേപണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടാമായിരുന്നു. എന്നാല്‍ വ്യാജ വാര്‍ത്തയെന്ന് പറഞ്ഞാണ് മാധ്യമ സ്ഥാപനത്തിനെതിരെ നടപടിയെടുക്കുന്നത്.
തില്ലങ്കേരി വാര്‍ത്തകള്‍ മുഴുവന്‍ കൊടുത്തത് കണ്ണൂരിലെ നൗഫല്‍ എന്ന ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറാണ്. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് വാര്‍ത്തയും ഗുണ്ടകളുടെ സ്വര്‍ണക്കടത്ത് വാര്‍ത്തകളും സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങള്‍ക്ക് പാര്‍ട്ടിയുമായുള്ള ബന്ധം സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കിയതും ഏഷ്യാനെറ്റാണ്. ഡി.വൈ.എഫ്.ഐ നേതാവ് ആകാശ് തില്ലങ്കേരിക്ക് ട്രോഫി നല്‍കിയത് റിപ്പോര്‍ട്ട് ചെയ്തതും നൗഫലാണ്. നൗഫല്‍ ബിന്‍ യൂസഫിനെ നൗഫല്‍ ബിന്‍ലാദന്‍ എന്നാണ് കണ്ണൂരിലെ സി.പി.എം സെക്രട്ടറി വിശേഷിപ്പിച്ചത്. സെക്യുലറായ മാധ്യമ പ്രവര്‍ത്തകനെ ജില്ലാ സെക്രട്ടറി പരസ്യമായി അധിക്ഷേപിച്ച് അയാളെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്.
കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളാകെ മയക്കു മരുന്ന് ലോബിയുടെ പിടിയിലാണെന്നും അതിലൂടെ വിദ്യാര്‍ഥികളുടെ എണ്ണം കുറച്ച് സര്‍ക്കാര്‍ സ്‌കൂളുകളെ തകര്‍ക്കാന്‍ വേണ്ടി മനപൂര്‍വം ഉണ്ടാക്കിയ വീഡിയോ ആണെന്നതാണ് പരാതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ആയതിനാല്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇട്ട് അന്വേഷണം നടത്തണമെന്നതാണ് മറ്റൊരു പരാതി. വ്യാജ വാര്‍ത്ത ആണെങ്കില്‍ പോക്‌സോ വകുപ്പ് പ്രകാരം എങ്ങനെയാണ് അന്വേഷണം നടത്തുന്നത്? പരാതികള്‍ തന്നെ പരസ്പരവിരുദ്ധമാണ്. പൊലീസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയ കേസില്‍ പിന്നീട് അവ്യക്തമായ വീഡിയോ കൊടുത്തതിന് വ്യാജ വാര്‍ത്തയെന്ന് പറയുന്നത് ശരിയല്ല. കിട്ടുന്ന അവസരം വേട്ടയാടാന്‍ ഉപയോഗിക്കുകയാണ്. ബി.ബി.സി മോദിക്കെതിരെ ഡോക്യുമെന്ററി ഇറക്കിയപ്പോള്‍ അവരെ വേട്ടയാടാന്‍ റെയ്ഡ് നടത്തി. രാജ്യവ്യാപകമായി മാധ്യമങ്ങള്‍ക്കെതിരെയുള്ള ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ഒരുമിച്ച് ശബ്ദമുയര്‍ത്തുന്നവരല്ലേ നമ്മള്‍ എല്ലാവരും. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ക്കലും എഷ്യാനെറ്റ് ഓഫീസില്‍ അവരെ അധിക്ഷേപിച്ച് ബാനര്‍ സ്ഥാപിക്കലുമാണോ എസ്.എഫ്.ഐയുടെ ജോലി.
ശബരിമല മൂന്നര നൂറ്റാണ്ട് മുന്‍പ് ദ്രാവിഡ ആചാര കേന്ദ്രമായിരുന്നെന്നും അവിടെ വൈദിക ചടങ്ങുകള്‍ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കുന്ന പന്തളം കൊട്ടാരം രേഖ ഡോ മോന്‍സന്‍ മാവുങ്കലിന്റെ സ്വകാര്യ ശേഖരത്തിലല്‍ കണ്ടെത്തിയെന്നും ശബരിമലയുടെ പ്രചീന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ ചെമ്പോല തിട്ടൂരമെന്നും വാര്‍ത്ത നല്‍കിയ പത്രമാണ് ദേശാഭിമാനി. ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യയെ അധിക്ഷേപിച്ചു കൊണ്ടും ദേശാഭിമാനി വാര്‍ത്ത നല്‍കി. അങ്ങനെയുള്ള നിങ്ങള്‍ വിശുദ്ധരും പുണ്യവാളന്‍മാരും ആകരുത്. മനോര ചീഫ് എഡിറ്ററായിരുന്ന കെ.എം മാത്യുവിന്റെ പേരില്‍ വ്യാജ ലെറ്റര്‍ ഹെഡ്ഡുണ്ടാക്കി വ്യാജരേഖ ചമച്ച ആളുകളാണ് ധേശാഭിമാനിയിലുള്ളത്. നല്ല പാരമ്പര്യമാണ്.
പത്രസമ്മേളനത്തില്‍ നിന്ന് ദേശാഭിമാനി ലേഖകനെ ഇറക്കി വിട്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദേശാഭിമാനി ലേഖകന്‍ ഒരേ ചോദ്യം മൂന്നു തവണ ചോദിച്ചു. അപ്പോഴൊക്കെ വിശദമായി മറുപടി നല്‍കി. എന്നാല്‍ നാലാമതും അഞ്ചാമതും അതേ ചോദ്യം ആവര്‍ത്തിച്ച് മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോദ്യം ചോദിക്കാന്‍ അവസരം നല്‍കാത്ത തരത്തില്‍ പെരുമാറിയപ്പോഴാണ് ഞങ്ങള്‍ ക്ഷണിച്ചിട്ടാണ് താങ്കള്‍ ഇവിടെ വന്ന് ഇരിക്കുന്നതെന്നും ഞങ്ങള്‍ പുറത്ത് പോകാന്‍ പറഞ്ഞാല്‍ പോകേണ്ടി വരുമെന്നും എന്നാല്‍ ഞാന്‍ അത് ചെയ്യുന്നില്ലെന്നും പറഞ്ഞു. ഞാന്‍ മുഖ്യമന്ത്രി നടത്തുന്നത് പോലെയല്ല പത്രസമ്മേളനം നടത്തുന്നത്. ഒരു മണിക്കൂര്‍ പത്രസമ്മേളനത്തില്‍ 50 മിനിട്ടും മുഖ്യമന്ത്രി പറയും. അവസാനം മൂന്ന് ചോദ്യം. അതിലെ രണ്ടെണ്ണം നേരത്തെ തന്നെ തയാറാക്കിയ കമ്പനി ചോദ്യം. മൂന്നാമത്തേതിന് ഇഷ്ടമുണ്ടെങ്കില്‍ മറുപടി പറയും അല്ലെങ്കില്‍ എഴുന്നേറ്റ് പോകും. ഞങ്ങളാരും അങ്ങനെ പത്രസമ്മേളനം നടത്തുന്നവരല്ല. നിയമസഭയില്‍ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിക്കുന്നത് പോലെ കൈരളിയില്‍ നിന്നും ദേശാഭിമാനിയില്‍ നിന്നും 5 പേരെ എന്റെ വാര്‍ത്താസമ്മേളനത്തിലേക്ക് അയച്ചു. ഇപ്പോള്‍ നിയമസഭയില്‍ ബഹളമുണ്ടാക്കുന്നതു പോലെയാണ് പത്രസമ്മേളനം അലങ്കോലപ്പെടുത്താന്‍ ഒരു സംഘത്തെ നിയോഗിച്ചത്. എന്തൊക്കെ ചെയ്താലും പറയാനുള്ളതൊക്കെ പറഞ്ഞിട്ടേ പോകൂ.
മാധ്യമങ്ങളെ വേട്ടയാടുന്നത് നല്ലതല്ല. നിയമപരമായ സംവിധാനങ്ങള്‍ ഒന്നും ഉപയോഗിക്കാതെ റെയ്ഡും ഓഫീസിലെ അതിക്രമമവും ഭീഷണിപ്പെടുത്തലാണ്. ഇത് ഏഷ്യാനെറ്റിനോട് മാത്രമല്ല, മര്യാദയ്ക്ക് ഇരുന്നോളണമെന്ന മുന്നറിയിപ്പാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കലത്ത് മാധ്യമങ്ങളെല്ലാം ഏതെല്ലാം രീതിയിലാണ് ആക്ഷേപിച്ചത്. എത്ര കഠിനമായ വാക്ക് പറഞ്ഞിട്ടും കടക്ക് പുറത്തെന്ന് ഓരാളോടും പറഞ്ഞിട്ടില്ല.
പ്രണോയ് റോയ് പറഞ്ഞതു പോലെ നിങ്ങള്‍ ഇഴഞ്ഞാല്‍ അവര്‍ നിങ്ങളുടെ പിന്നാലെ വരുമെന്നാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരോട് പറയാനുള്ളത്. സര്‍ക്കാരിന് എല്ലാവരെയും പേടിയാണ്. പ്രതിപക്ഷത്തെയും പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തെയും വിമര്‍ശനങ്ങളെയും നിങ്ങള്‍ക്ക് എതിരെ വിരല്‍ ചൂണ്ടുന്നവരെയും ഭയമാണ്. എല്ലാ ഏകാധിപതികളും അരക്ഷിതത്വത്തിലാണ്. സമരമോ വിമര്‍ശനമോ ഉണ്ടായാലും പേടിയാണ്. അതുകൊണ്ടാണ് കരിങ്കൊടി കാണുമ്പോള്‍ ആയിരം പൊലീസുകാര്‍ക്ക് പിന്നില്‍ ഒളിക്കുന്നത്. ഭയമാണ് നിങ്ങളെ ഭരിക്കുന്നത്. മാധ്യമ പ്രവര്‍ത്തനത്തിന് കൂച്ച് വിലങ്ങിടാനും അവരെ അധിക്ഷേപിക്കാനും വേട്ടയാടാനും നടത്തുന്ന ശ്രമത്തില്‍ അതിശക്തമായി പ്രതിഷേധിക്കുന്നു.