പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ്.
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് ഫേസ് ബുക്ക് ലൈവില്‍ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കുമുണ്ട്.
എം.വി ഗോവിന്ദന്റെ അറിവോടെയാണ് വന്നതെന്നും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ രേഖകള്‍ നല്‍കണമെന്നും ഇടനിലക്കാരനായ വിജയ് പിള്ള ആവശ്യപ്പെടുകയും പിന്നീട് ഭീക്ഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസും അന്വേഷണം നടത്തണം. സംസ്ഥാന മുഖ്യമന്ത്രിക്കും ഭരണകക്ഷിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കും എതിരെ ഉന്നയിച്ചത് ദുരാരോപണമാണെങ്കില്‍ അതിനെ നിയമപരമായി നേരിടുമോയെന്നും വ്യക്തമാക്കണം.
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ബി.ജെ.പിക്കും സി.പി.എമ്മിനുമിടയില്‍ ഇടനിലക്കാരുണ്ട്. നേരത്തെ മാധ്യമ പ്രവര്‍ത്തകനായ ഷാജ് കിരണിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ഷാജ് കിരണിന്റെ ബന്ധവും വെളിപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ ഇടനിലക്കാരെ കുറിച്ചും അന്വേഷണം വേണം.