കൊച്ചി: സ്വയംതൊഴില്‍ പരിശീലനത്തിലൂടെ ജീവിതം കരുപിടിപ്പിക്കാന്‍ വഴിതേടിയെത്തിയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 30 വനിതകള്‍ക്ക് സൗജന്യ തയ്യല്‍ പരിശീലനത്തിനു പുറമെ വനിതാദിന സമ്മാനമായി സൗജന്യ തയ്യല്‍ മെഷീനുകളും വിതരണം ചെയ്ത് ഫെഡറല്‍ ബാങ്കിന്റെ മഹനീയ മാതൃക. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകളെ സ്വയംതൊഴില്‍ സംരംഭകരാക്കാന്‍ ലക്ഷ്യമിട്ട് ഫെഡറല്‍ ബാങ്കിനു കീഴിലുള്ള ഫെഡറല്‍ സ്‌കില്‍ അക്കാഡമി നടത്തുന്ന തയ്യല്‍ പരിശീലന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ ബാച്ച് അംഗങ്ങള്‍ക്കാണ് ജീവനോപാധിയായി തയ്യല്‍ മെഷീനുകള്‍ നല്‍കിയത്. ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണിത്.
കച്ചേരിപ്പടി വിമല വെല്‍ഫയര്‍ സെന്ററില്‍ നടന്ന ചടങ്ങില്‍, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും സര്‍വീസ് ക്വാളിറ്റി വിഭാഗം മേധാവിയുമായ ശോഭ എം റെസിഡന്‍ഷ്യല്‍ പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിലെ 30 അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും തയ്യല്‍ മെഷീനുകളും വിതരണം ചെയ്തു .
‘വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ പോയ വനിതകളെ തൊഴില്‍, സംരംഭകത്വ മേഖലകളിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴില്‍ രംഗത്ത് സ്ത്രീകള്‍ക്ക് മുന്നേറാന്‍ ഇതു സഹായകമാകും. 42 ശതമാനം വനിതാ ജീവനക്കാരുള്ള ഫെഡറല്‍ ബാങ്ക് തൊഴില്‍ രംഗത്ത് ലിംഗസമത്വം ഉറപ്പാക്കുന്നതില്‍ വളരെ മുന്‍പന്തിയിലുണ്ട്. സ്ത്രീ ശാക്തീകരണത്തിലൂടെ എല്ലാ മേഖലയിലും ഈ സമത്വം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്,’ ശോഭ എം പറഞ്ഞു.
ഡിവിപിയും ബാങ്കിന്റെ സിഎസ്ആര്‍ വിഭാഗം മേധാവിയുമായ അനില്‍ സി ജെ, വിമലാലയം വെല്‍ഫയല്‍ സെന്റര്‍ മദര്‍ സുപീരിയര്‍ സിസ്റ്റര്‍ സോഫി, എസ് ബി ഗ്ലോബൽ എജുക്കേഷനല്‍ റിസോഴ്‌സസ് സിഇഒ വിനയരാജന്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
18നും 35നുമിടയിൽ പ്രായമുള്ള, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകള്‍ക്കാണ് തയ്യല്‍ പരിശീലനം നല്‍കിയത്. നൈപുണ്യ പരിശീലനം നല്‍കി ഇവരെ സ്വയംതൊഴിലിന് സജ്ജരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഫെഡറല്‍ സ്‌കില്‍ അക്കാഡമി മുഖേനയാണ് വനിതകള്‍ക്കായി ഇത്തരം തൊഴില്‍ പരിശീലന കോഴ്‌സുകള്‍ നടത്തിവരുന്നത്. എസ്ബി ഗ്ലോബല്‍ എജ്യുക്കേഷണല്‍ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പങ്കാളിത്തത്തോടെയാണ് ബാങ്ക് പദ്ധതി നടപ്പിലാക്കുന്നത്. 2016ല്‍ തുടക്കമിട്ട അക്കാഡമി സാമ്പത്തിക പിന്നാക്കവസ്ഥയിലുള്ള നൂറുകണക്കിന് വനിതകളെ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി സ്വയംസംരഭകരാക്കി മാറ്റിയിട്ടുണ്ട്.
Report : Ajith V Raveendran