കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാന്‍ ‘ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍’

Spread the love

രണ്ട് അവധി ദിവസങ്ങളിലായി നടത്തിയത് 156 പരിശോധനകള്‍.

സംസ്ഥാന വ്യാപകമായി കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍’ എന്ന പേരില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശനി, ഞായര്‍ ദിവസങ്ങളിലായി 156 സ്ഥാപനങ്ങള്‍ പരിശോധിച്ച് വിവിധ കമ്പനികളുടെ 38 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. കുപ്പിവെളളം വെയിലേല്‍ക്കാതെ കൊണ്ടുപോകുന്നുണ്ടോ എന്ന് അറിയുന്നതിന് 44 വാഹനങ്ങള്‍ പരിശോധിച്ചു. ഇതിനുപുറമേ ജ്യൂസുകളും പാനീയങ്ങളും നിര്‍മ്മിക്കുന്നതിന് ശുദ്ധജലവും ശുദ്ധജലത്തില്‍ നിര്‍മ്മിച്ച ഐസും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വരുന്നതായും മന്ത്രി വ്യക്തമാക്കി.

വിവിധ കമ്പനികളുടെ സാമ്പിളുകള്‍ ശേഖരിച്ച് വിശദമായ പരിശോധനക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ അനലിറ്റിക്കല്‍ ലാബുകളില്‍ അയച്ചു. ഗുണനിലവാരം ഇല്ലാത്തവ കണ്ടെത്തിയാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പടെയുളള നടപടികള്‍ സ്വീകരിക്കുന്നതാണ്. കുപ്പി വെളളം വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ വിതരണം നടത്തിയ 2 വാഹനങ്ങള്‍ക്ക് ഫൈന്‍ അടയ്ക്കുന്നതിന് നോട്ടീസ് നല്‍കി. കടകളിലും മറ്റും കുപ്പി വെളളം വെയില്‍ ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിച്ച് വില്‍പന നടത്തേണ്ടതാണ്.

Author