എം.എല്‍.എമാര്‍ക്കെതിരെ കള്ളക്കേസുകളെടുത്ത ശേഷം സര്‍വകക്ഷി യോഗം വിളിച്ചത് കാപട്യം – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയാറൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനം.

തിരുവനന്തപുരം : നിയസഭയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വാദി പ്രതിയായ സ്ഥതിയാണുണ്ടായിരിക്കുന്നത്. ഏഴ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കാലാപം നടത്തിയെന്നതുള്‍പ്പെടെ ജാമ്യമില്ലാത്ത കേസുകളെടുത്തു. 10 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന സെഷന്‍സ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം മര്‍ദ്ദനമേറ്റ എം.എല്‍.എമാരുടെ പരാതിയില്‍ ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന കേസുകളാണെടുത്തിരിക്കുന്നത്. കെ.കെ രമ നല്‍കിയ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടുമില്ല.

ഇന്നലെ വെളുപ്പിനെ ഒന്നരയ്ക്കും രണ്ടരയ്ക്കും പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കള്ളക്കേസുകളെടുത്ത ശേഷം രാവിലെ എട്ടു മണിക്ക് സര്‍വകക്ഷി യോഗം വിളിച്ചതിന് പിന്നിലെ കാപട്യം എല്ലാവര്‍ക്കും ബോധ്യമായി. പ്രശ്‌നങ്ങള്‍ തീര്‍ക്കാനല്ല സര്‍വകക്ഷി യോഗം വിളിച്ചത്. അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കുന്ന റൂള്‍ 50ല്‍ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. മാറിമാറി വന്ന പ്രതിപക്ഷങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന

അവകാശമാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടലും അതുമായി ബന്ധപ്പെട്ട ചര്‍ച്ചയും. പ്രതിപക്ഷത്തിന് മാത്രം കിട്ടുന്ന അവസരമല്ല റൂള്‍ 50 നോട്ടീസ്. അടിയന്തിര പ്രമേയ ചര്‍ച്ചകളിലെ മറുപടികളിലൂടെയാണ് കേരളത്തിലെ പല മന്ത്രിമാരും പേരെടുത്തിട്ടുള്ളത്. കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ പ്രതിപക്ഷം പറയുന്നു എന്നതിന്റെ പേരില്‍ റൂള്‍ 50 നിഷേധിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. പരിശോധിച്ച ശേഷം വേണമെങ്കില്‍ അനുമതി നല്‍കുമെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഔദാര്യത്തിന് വേണ്ടി കാത്ത് നില്‍ക്കുന്നവരല്ല കേരളത്തിലെ പ്രതിപക്ഷം. കാലങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന അവകാശം സര്‍ക്കാരിന് മുന്നില്‍ പണയപ്പെടുത്തിയാല്‍ ജനം പ്രതിപക്ഷത്തെ വിചാരണ ചെയ്യും. ഭൂരിപക്ഷത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ പ്രതിപക്ഷം അതിന് തയാറല്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് ദയവുണ്ടായാല്‍ റൂള്‍ 50 ന് അനുമതി നല്‍കാമെന്ന നിലാപാട് അംഗീകരിക്കാനാകില്ല.

ഡെപ്യൂട്ടി ചീഫ് മാര്‍ഷല്‍ സി.പി.എം ഗുണ്ടയെ പോലെയാണ് പെരുമാറിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അയാളെ തല്ലി പരുക്കേല്‍പ്പിച്ചെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. തിരുവഞ്ചൂരിനെ തള്ളി മാറ്റിക്കൊണ്ട് പ്രകോപനമുണ്ടാക്കിയത് ഡെപ്യൂട്ടി ചീഫ് മാര്‍ഷലാണ്. എന്നിട്ടാണ് അയാളെക്കൊണ്ട് കള്ളപ്പരാതി കൊടുപ്പിച്ചത്. എം.എല്‍.എമാര്‍ക്ക് നീതി കിട്ടാത്ത നാട്ടില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും? നാട്ടില്‍ പൊലീസ് ഭരണം നടക്കുന്നത് എങ്ങനെയെന്നതിന് ഉദാഹരമാണിത്.

ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാനും വിമര്‍ശനങ്ങള്‍ കേള്‍ക്കാതിരിക്കാനുമാണ് പ്രതിപക്ഷ അവകാശങ്ങള്‍ ലംഘിക്കുന്നത്. എത്ര ഒഴിഞ്ഞു മാറിയാലും മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. സര്‍ക്കാറിന്റെ ഒരു പരിപാടികളോട് സഹകരിക്കില്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷം ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. ധാര്‍ഷ്ട്യത്തില്‍ നിന്നും മുഖ്യമന്ത്രി പിന്‍മാറുന്നത് വരെ സമരവുമായി മുന്നോട്ട് പോകും. സമരം നിയമസഭയ്ക്ക് പുറത്തേക്ക് കൂടി വ്യാപിപ്പിക്കുന്നതിനെ കുറിച്ചാണ് പ്രതിപക്ഷം ആലോചിക്കുന്നത്.

സഭാ ടി.വിയുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്ക് രണ്ട് പരാതികള്‍ നല്‍കി. നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് സഭാ ടി.വി ഹൈപവര്‍ കമ്മിറ്റിയില്‍ നിന്നും നാല് പ്രതിപക്ഷ എം.എല്‍.എമാര്‍ രാജിവച്ചു. ഇന്നും സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ വീഡിയോ എടുത്തത് ചട്ടവിരുദ്ധമാണെന്നാണ് സ്പീക്കര്‍ പറഞ്ഞത്. ഞങ്ങളുടെ കൂടി ചെലവില്‍ പ്രവര്‍ത്തിക്കുന്ന സഭാ ടി.വി പ്രതിപക്ഷ പ്രതിഷേധം കാണിക്കുന്നില്ലെങ്കില്‍ അതിന്റെ വീഡിയോ ഇനിയും പുറത്ത് വിടേണ്ടിവരും. ഒരു സഭാ ടിവിക്കും മൂടിവയ്ക്കാന്‍ കഴിയുന്നതല്ല കേരളത്തിലെ പ്രതിപക്ഷത്തിന്റെ ശബ്ദം.

Author